1

തൃശൂർ: സർക്കാർ നിരക്കിനേക്കാൾ നാലു രൂപ കുറവിൽ ഓൺലൈൻ ടാക്സി സർവീസുമായി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരുടെ കൂട്ടായ്മയിൽ ടാക്‌സി ബുക്കിംഗ് ആപ് പുറത്തിറക്കുന്നു. വൻകിട ഓൺലൈൻ ടാക്‌സി കമ്പനികളുടെ ചൂഷണത്തിൽ നിന്നും മുക്തമാകുന്നതിനായാണ് ലാഭ എന്ന ആപ് തയാറാക്കിയത്. മേയർ എം.കെ.വർഗീസ് മേയ് ഒന്നിന് വടക്കുന്നാഥ ക്ഷേത്ര മൈതാനിയിൽ ആപ് ലോഞ്ചിംഗ് നിർവഹിക്കും. തുടർന്ന് ടാക്‌സി തൊഴിലാളികളുടെ നേതൃത്വത്തിൽ കാർ റാലിയും നടക്കും. പ്ലേ സ്റ്റോറിൽ മാത്രമാണ് നിലവിൽ ലാഭ ആപ് ലഭ്യമാകുക. വൈകാതെ ആപ്പിൾ സ്റ്റോറിലും ലഭിക്കും. വൻകിട കമ്പനികൾ 25 ശതമാനമാണ് ടാക്‌സി തൊഴിലാളികളിൽ നിന്നും കമ്മിഷൻ പറ്റുന്നത്. സർക്കാർ നിരക്കനുസരിച്ച് 15 രൂപ നിലവിലെ കിലോമീറ്റർ നിരക്ക് ഉണ്ടെങ്കിലും കമ്മിഷൻ കഴിച്ച് കിലോമീറ്ററിന് 10 രൂപയേ ഡ്രൈവർക്ക് ലഭിക്കൂ. പത്ത് ശതമാനം കമ്മിഷൻ മാത്രമാണ് ലാഭ ഓൺലൈൻ ടാക്‌സി കൂട്ടായ്മ ഈടാക്കൂ. നഗരത്തിലോടുന്ന മുഴുവൻ ടാക്‌സി തൊഴിലാളികൾക്കും ലാഭ ഡ്രൈവർ ആപ് ഉപയോഗിച്ച് റൈഡ് എടുക്കാമെന്നും ഭാരവാഹികൾ പറഞ്ഞു. രജിത് എളനാട്, മനോഷ് അഞ്ചേരി, നിതിൻ അഞ്ചേരി, ജിസ് മോൻ പെരുഞ്ചേരി, റോയ് മുണ്ടത്തിക്കോട് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.