പാവറട്ടി: മണലൂർ നിയോജക മണ്ഡലത്തിൽ ജലജീവൻ മിഷൻ വഴി നടക്കുന്ന പ്രവൃത്തികളുടെ അവലോകന യോഗം ചേർന്നു. 2024 ആകുമ്പോഴേക്കും എല്ലാ കുടുംബങ്ങളിലേക്കും കുടിവെള്ളമെത്തിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മുരളി പെരുനെല്ലി എം.എൽ.എ. പറഞ്ഞു. അരിമ്പൂർ പഞ്ചായത്തിൽ ആദ്യഘട്ടം നടപ്പാക്കി കഴിഞ്ഞു. രണ്ടാംഘട്ടത്തിനായി ഭൂമി ഏറ്റെടുത്തു. ബാക്കി പഞ്ചായത്തുകളിൽ സമയബന്ധിതമായി പ്രവൃത്തിയാരംഭിക്കാൻ തീരുമാനിച്ചു. വിവിധ പഞ്ചായത്തുകളിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പഞ്ചായത്ത് പ്രസിഡന്റുമാർ ശ്രദ്ധയിൽപ്പെടുത്തി. അത്തരം പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കാൻ എം.എൽ.എ നിർദ്ദേശം നൽകി.
യോഗത്തിൽ മുരളി പെരുനെല്ലി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ജല അതോറിറ്റി തൃശൂർ, നാട്ടിക, ഗുരുവായൂർ അസി.എക്‌സിക്യൂട്ടീവ് എൻജിനീയർമാർ, അസി.എൻജിനീയർമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, എൽ.എസ്.ജി.ഡി. അസി.എൻജിയർമാർ തുടങ്ങിയവർ പങ്കെടുത്തു.

9 പഞ്ചായത്തുകളിലായി 65296 വീടുകൾ
മണ്ഡലത്തിൽ 9 പഞ്ചായത്തുകളിലായി 65296 വീടുകളാണുള്ളത്. 2020 ഏപ്രിലിലെ കണക്ക് പ്രകാരം 13088 വീടുകളിൽ കണക്ഷനുണ്ട്. ബാക്കി വരുന്ന വീടുകളിൽ 20800 വീടുകൾക്ക് കണക്ഷൻ നൽകാൻ ഭരണാനുമതിയായി. 8415 വീടുകളിലേക്കുള്ള പ്രവൃത്തി നടപ്പാക്കി വരുന്നു. 5092 വീടുകൾക്ക് കണക്ഷൻ നൽകി കഴിഞ്ഞു. 32378 വീടുകൾക്ക് കണക്ഷന് ഭരണാനുമതി ആകേണ്ടതുണ്ട്.