എടത്തിരുത്തിയിൽ തെരുവ്നായ വിളയാട്ടം രൂക്ഷം
കയ്പമംഗലം: എടത്തിരുത്തിയിൽ തെരുവ് നായ്ക്കളുടെ വിലസൽ രൂക്ഷം. പഞ്ചായത്ത് ഏഴാം വാർഡ് ചിറക്കൽ പള്ളി വടക്ക് ഭാഗത്താണ് തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രം. പലയിടത്തും കൂട്ടമായെത്തുന്ന നായ്ക്കൾ പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന സ്ഥിതിയാണ്. ഒരോ കൂട്ടത്തിലും പന്ത്രണ്ടോളം നായ്ക്കളുണ്ട്. തെരുവ് നായ്ക്കളുടെ ആക്രമണങ്ങളിൽ ഏറ്റവും കൂടുതൽ ഇരയാകുന്നത് പുലർച്ചെ പോകുന്ന പത്രവിതരണക്കാരാണ്. സൈക്കിളിലും ഇരുചക്ര വാഹനങ്ങളിലും പോകുന്ന ഇവരെ ആക്രമിക്കുകയും പത്രക്കെട്ടുകൾ കടിച്ചു നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ വ്യായാമത്തിന് പോകുന്നവരും, പള്ളിയിൽ പോകുന്നവരും ഇവയുടെ ശല്യം കാരണം ഇതുവഴിയുള്ള യാത്ര ഉപേക്ഷിക്കുകയാണ്. മാസങ്ങൾക്ക് മുമ്പ് എടത്തിരുത്തി പഞ്ചായത്തിലെ പല ഭാഗത്തു് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഇവർ പല ആശുപത്രികളിലായി ചികിത്സ തേടിയിരുന്നു. നായ്ക്കളുടെ ശല്യം വർദ്ധിച്ചിട്ടും അധികാരികൾ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. നായ്ക്കളെ പിടികൂടി ഘട്ടം ഘട്ടമായി വന്ധീകരണത്തിന് വിധേയമാക്കണമെന്നാണ് പരക്കെയുള്ള ആവശ്യം. കൂടാതെ പ്രദേശത്തെ മൃഗാശുപത്രിയിൽ അനിമൽ ബർത്ത് കൺട്രോൾ പദ്ധതി നടപ്പാക്കാനും ആവശ്യം ഉയരുന്നുണ്ട്.