കൊടുങ്ങല്ലൂർ: പ്രതിപക്ഷ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് നഗരസഭ യോഗത്തിൽ ബഹളം. ചെയർപേഴ്‌സന്റെ നിലപാടിൽ പ്രതിഷേധിച്ച് ബി.ജെ.പി കൗൺസിലർമാരും കോൺഗ്രസ് കൗൺസിലറും യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. ചന്തപ്പുര - കോട്ടപ്പുറം ബൈപാസിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ കൗൺസിൽ യോഗത്തിൽ ബി.ജെ.പി പ്രമേയ അനുമതി തേടിയിരുന്നു. എന്നാൽ നിയമാനുസൃതം എഴുതി നൽകിയാൽ അടുത്ത കൗൺസിൽ പ്രമേയം പരിഗണിക്കാമെന്ന് പറഞ്ഞിരുന്നു.
യോഗത്തിൽ പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ വീണ്ടും പ്രമേയം അവതരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അജണ്ടയിലുള്ള വിഷയങ്ങൾ കഴിഞ്ഞ ശേഷം മാത്രമേ പരിഗണിക്കുകയുള്ളൂ എന്നായിരുന്നു ഭരണപക്ഷത്തെ നിലപാട്. തുടർന്ന് പ്രതിപക്ഷം പ്രതിഷേധ സൂചകമായി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. പിന്നിട് ബി.ജെ.പി കൗൺസിലർമാർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ടി.എസ്. സജീവൻ, ഒ.എൻ. ജയദേവൻ, രശ്മി ബാബു തുടങ്ങിയവർ നേതൃത്വം നൽകി. കോൺഗ്രസ് കൗൺസിലർ വി.എം. ജോണിയും ഇതേ വിഷയം ഉന്നയിച്ചെങ്കിലും ഭരണപക്ഷം ഒരേ നിലപാടിലായിരുന്നു. തുടർന്ന് വി.എം. ജോണിയും വാക്കൗട്ട് നടത്തി. പ്രതിപക്ഷ കൗൺസിലർമാരുടെ അഭാവത്തിൽ ബൈപാസിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. കൈസാബ് പ്രമേയം അവതരിപ്പിച്ചു. ചന്തപ്പുരയിൽ നിർമ്മിക്കാനുദ്ദേശിക്കുന്ന എലിവേറ്റഡ് ഹൈവേ സി.ഐ ഓഫീസ് വരെ നീട്ടി സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ അവതരിപ്പിച്ചു.