ചാലക്കുടി: അടിപ്പാത നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കണമെന്ന ആവശ്യവുമായി എൽ.ഡി.എഫ്് നടത്തുന്ന ഒരാഴ്ചക്കാലത്തെ ധർണ സർക്കാരിൽ നിന്നും ഉറപ്പ് ലഭിക്കാതെ അവസാനിപ്പിക്കില്ലെന്ന് സൂചന. അടിപ്പാത പ്രശ്‌നത്തിൽ തങ്ങൾ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ റോഡ് ഉപരോധം നടത്തി യു.ഡി.എഫ് നടത്തിയ നീക്കം എൽ.ഡി.എഫ് നേതൃത്വത്തെ അസ്വസ്ഥരാക്കി. കാരാർ കമ്പനിക്കാരിൽ നിന്നും ഡിസംബർ അവസാനത്തോടെ അടിപ്പാത നിർമ്മാണം പൂർത്തിയാക്കുമെന്ന ഉറപ്പ് ലഭിച്ചുവെന്ന് എം.എൽ.എ ടി.ജെ.സനീഷ്‌കുമാർ തൊട്ടടുത്ത ദിവസം പ്രസ്താവന നടത്തിയതും എൽ.ഡി.എഫിന് ക്ഷീണമായി. മത സൗഹാർദ്ദത്തിന്റെ കൂടപ്പിറപ്പുകളെന്ന്് അവകാശപ്പെടുന്ന യു.ഡി.എഫ് ചാലക്കുടി തിരുനാൾ ദിനത്തിൽ ദേശീയപാത ഉപരോധിച്ച് സമരം നടത്തിയത് പിന്നിൽ എൽ.ഡി.എഫിനെ കടത്തി വെട്ടലായിരുന്നു ലക്ഷ്യം. കെ.പി.സി.സി അംഗവും ജില്ലയിലത്തന്നെ പ്രമുഖ നേതാവുമായിരുന്ന യു.വി. തോമസിന്റെ ദേഹവിയോഗത്തിനു പോലും മുഖ്യ പരിഗണന നൽകാതെ സമരത്തിനിറങ്ങിയതും കോൺഗ്രസ് നേതാക്കളുടെ പിന്നാമ്പറുത്തെ തന്ത്രങ്ങളായിരുന്നു. ഇതിനെ തുറന്നു കാട്ടുകയും എം.എൽ.എയ്ക്ക് ലഭിച്ചെന്ന് പറയുന്ന ഉറപ്പ് വ്യാജമാണെന്നും തെളിയിക്കാനുമാണ് എൽ.ഡി.എഫിന്റെ നീക്കം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രമുഖ മന്ത്രി തന്നെ സിഗ്‌നൽ ജംഗ്ഷനിൽ നടക്കുന്ന ഇവരുടെ സമരപ്പന്തലിൽ എത്തുമെന്നാണ് വിവരം. വിഷയത്തിൽ ഇദ്ദേഹത്തെ ബന്ധപ്പെടുത്തി രേഖാമൂലം നിർമ്മാണ പ്രവർത്തനത്തിന്റെ ഉറപ്പ് വാങ്ങിക്കലാണ് ഭരണ മുന്നണിയുടെ ലക്ഷ്യം. പ്രക്ഷോഭം കൊഴുപ്പിക്കുന്നതിന് സമരപ്പന്തലിൽ സമുദായിക ആചാര്യന്മാരെ എത്തിക്കുന്ന തന്ത്രവും എൽ.ഡി.എഫ് പുറത്തെടുത്തുന്നുണ്ട്.