കൊടുങ്ങല്ലൂർ: നഗരസഭയിലെ ഇടതുപക്ഷ ഭരണസമിതിക്കെതിരെ പ്രതിപക്ഷമായ ബി.ജെ.പിയുടെ അവിശ്വാസ പ്രമേയ നീക്കം. അടുത്തദിവസം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകുമെന്ന് പ്രതിപക്ഷ നേതാവ് ടി.എസ്.സജീവൻ പറഞ്ഞു. ചന്തപ്പുര കോട്ടപ്പുറം ബൈപാസിൽ തെരുവു വിളക്കുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കൊണ്ടുവന്ന പ്രമേയത്തിന് രണ്ടാം വട്ടവും ചെയർപേഴ്‌സൺ അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ തീരുമാനിച്ചത്. 44 അംഗ നഗരസഭാ കൗൺസിലിൽ എൽ.ഡി.എഫിന് 22 കൗൺസിലർമാരും ബി.ജെ.പിക്ക് 21 കൗൺസിലർമാരുമാണുള്ളത്. കോൺഗ്രസിന്റെ ഏക കൗൺസിലറുടെ നിലപാട് നിർണായകമാകും.