കുന്നംകുളം: ആർത്താറ്റ് ചെമ്മണ്ണൂരിൽ രാത്രിയുടെ മറവിൽ പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും കത്തിച്ച് പരിസര മലിനീകരണം സൃഷ്ടിക്കുന്നതായി നാട്ടുകാരുടെ പരാതി. ചെമ്മണ്ണൂർ സെന്റ് സെബാസ്റ്റ്യൻ പള്ളിക്ക് പുറകുവശം വാടകയ്ക്ക് താമസിച്ചു വരുന്ന ഹോട്ടൽ ഉടമയ്‌ക്കെതിരെയാണ് പരാതിയുമായി നാട്ടുകാർ രംഗത്തെത്തിയത്. ഒരു വർഷത്തിനു മുകളിലായി സ്വകാര്യ വ്യക്തി ഇവിടെ കുടുംബസമേതം താമസമാക്കിയിട്ട്. ഹോട്ടലിലെ മാലിന്യങ്ങളും പ്ലാസ്റ്റിക്കുമാണ് ഇവർ രാത്രിയുടെ മറവിൽ കത്തിക്കുന്നതെന്നും പരാതി പറയുന്നവരെ ആക്രമിക്കാൻ ശ്രമിക്കുകയാണെന്നും നാട്ടുകാർ പറഞ്ഞു. പരാതിയെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം സ്ഥലത്ത് പരിശോധന നടത്തി.