പുരാവസ്തു വകുപ്പ് സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് കെ. മൂർത്തീശ്വരി ഉത്രാളിക്കാവ് സന്ദർശിക്കുന്നു.
വടക്കാഞ്ചേരി: ഉത്രാളിക്കാവിലെ പുരാതന ക്ഷേത്ര സോപാനവും ഊട്ടുപുരയും മതിൽക്കെട്ടും ഉൾപ്പെടെയുള്ള പൈതൃകം നിലനിറുത്തി കൊണ്ടാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയെന്ന് പുരാവസ്തു വകുപ്പ് സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് കെ. മൂർത്തീശ്വരി അറിയിച്ചു. ഉത്രാളിക്കാവ് ഉപദേശക സമിതിയുടെ അപേക്ഷപ്രകാരം ഉത്രാളിക്കാവ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവർ. പുരാവസ്തു വകുപ്പാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുക. ഇതിനായി 75 ലക്ഷം രൂപ ചെലവഴിക്കും. ഉത്രാളിക്കാവ് ക്ഷേത്രമുൾപ്പെടെ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ജില്ലയിലെ ആറ് ക്ഷേത്രങ്ങൾ പഴയ തനിമയും പൈതൃകവും നിലനിറുത്തി പുനർനിർമ്മിച്ച് സംരക്ഷിക്കുമെന്നും അവർ പറഞ്ഞു. ക്ഷേത്രത്തിലെത്തിയ കെ. മൂർത്തീശ്വരിയെ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു.