പാവറട്ടി: എളവള്ളി, കണ്ടാണശ്ശേരി, മുല്ലശ്ശേരി, ഗുരുവായൂർ നഗരസഭ എന്നീ തദ്ദേശസ്ഥാപനങ്ങളിലൂടെ ഒഴുകുന്ന കൊച്ചിൻ ഫ്രോണ്ടിയർ തോടിന്റെ സർവേ തുടരാൻ മുരളി പെരുനെല്ലി എം.എൽ.എ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ തീരുമാനം. മുമ്പ് തലപ്പിള്ളി ആൽ പരിസരത്തുനിന്ന് പണ്ടറക്കാട് പാലം വരെ തോടിന്റെ ഇരുവശവും സർവേ നടത്തി പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. 11 കിലോമീറ്റർ ദൂരമുള്ള തോടിന്റെ ഇരുകരകളിലുമായി 22 കിലോമീറ്റർ ദൂരം സർവേ നടത്തുന്നതിന് 3.73 ലക്ഷം രൂപ ആവശ്യമാണെന്നും 2.53 ലക്ഷം രൂപ അനുവദിച്ചു തരണമെന്നും സർവേ സൂപ്രണ്ട് ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർക്ക് കത്ത് നൽകിയിരുന്നു. ഇത് അംഗീകാരം ലഭിക്കുന്നതിനായി തിരുവനന്തപുരം ഇറിഗേഷൻ ചീഫ് എൻജിനിയർക്ക് കൈമാറിയിരുന്നു.
അവലോകന യോഗത്തിൽ വച്ച് മുരളി പെരുനെല്ലി എം.എൽ.എ ചീഫ് എൻജിനിയറെ ഫോണിൽ വിളിച്ച് അടിയന്തരമായി 2.53 ലക്ഷം രൂപ അധികമായി അനുവദിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. ചീഫ് എൻജിനിയർ നിർദ്ദേശം അംഗീകരിച്ച സാഹചര്യത്തിൽ അടുത്തദിവസം തന്നെ സർവേ നടത്തുന്നതിന് തീരുമാനിക്കുകയായിരുന്നു.
മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ, എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോഫോക്‌സ്, കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ജയൻ, മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ, തൃശൂർ ഇറിഗേഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ സീന പി. രവീന്ദ്രൻ, ചാവക്കാട് ഇറിഗേഷൻ ഓവർസിയർ കെ.പി. ബിൻഷ, ജില്ലാ ഹെഡ് സർവേയർ പി.ജി. ഷോളി, എളവള്ളി, കണ്ടാണശ്ശേരി, മുല്ലശ്ശേരി വില്ലേജ് ഓഫീസർമാർ എന്നിവരും പങ്കെടുത്തു.
ബഡ്ജറ്റിൽ 15 കോടി വകയിരുത്തി
തോടിന്റെ സർവേ നടത്തി പാർശ്വഭിത്തി സംരക്ഷിക്കുന്നതിന് 2018-19 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ 15 കോടി രൂപ വകയിരുത്തുകയും പദ്ധതിയുടെ 20 ശതമാനം തുകയായ മൂന്നു കോടി രൂപ നീക്കിവയ്ക്കുകയും ചെയ്തിരുന്നു. ഇതിനായി 6.70 ലക്ഷം രൂപ ഇറിഗേഷൻ വകുപ്പും അനുവദിച്ചിരുന്നു. കരാറുകാരനെ ലഭിക്കാത്തതിനെ തുടർന്ന് പല തവണ ടെണ്ടർ നടപടികൾ മാറ്റിവച്ചിരുന്നു. പിന്നീട് എളവള്ളി പഞ്ചായത്തിന്റെ നിർബന്ധത്തിന് വഴങ്ങി ഒരു കരാറുകാരൻ എഗ്രിമെന്റ് വയ്ക്കുകയായിരുന്നു. അതിനുശേഷം എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് മൂന്നു സർവെയർമാരെ തോടിന്റെ സർവേയ്ക്ക് നിയമിച്ചിരുന്നു.