ചാലക്കുടി: ഏബിൾ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ചെറുകിട തൊഴിൽ സംരംഭകർക്കായി മേയ് മൂന്നിന് ചാലക്കുടിയിൽ ഏകദിന ശിൽപ്പശാല നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് റസ്റ്റ് ഹൗസ് ഹാളിൽ നടക്കുന്ന ക്ലാസിൽ നൂറോളം പേർ പങ്കെടുക്കും. മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ടാക്‌സ് ഓഫീസർ സി.ആർ. സന്തോഷ്,ചാലക്കുടി അസി.ലേബർ ഓഫീസർ സി.ടി. ആശ തുടങ്ങിയവർ സംബന്ധിക്കും.
സംരംഭങ്ങളുടെ അവതരണവും വായ്പ്പാ സബ്‌സിഡികളുടെ വിവരണവുമുണ്ടാകും. വിദേശ മലയാളികളുടെ സഹകരണത്തോടെ ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് ഏബിൾ ഫൗണ്ടേഷൻ. സമൂഹത്തിൽ അവശത അനുഭവിക്കുന്നവരെ കണ്ടെത്തി ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് വായ്പ്പ ലഭ്യമാക്കൽ, അതിന്റെ തിരിച്ചടവ്, ഉത്പ്പന്നങ്ങൾ ഏറ്റെടുത്ത് വിപണനം നടത്തൽ, പൂർണതോതിൽ ലാഭവും ഇതോടൊപ്പം വേതനവും നൽകൽ എന്നിവയെല്ലാം ഫൗണ്ടേഷൻ നടത്തും. അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പുകളെ കണ്ടെത്തിയാണ് സംരംഭത്തിലേക്ക് തിരഞ്ഞെടുക്കുക. കോ-ഓർഡിനേറ്റർമാരായ ജോവൽ ഫ്‌ളവർ, രശ്മി സജീവൻ, ഹെയ്‌സൽ റെന്നി എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.