ചാലക്കുടി: മൃഗാശുപത്രിക്ക് വേണ്ടി പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം മേയ് മൂന്നിന് നടക്കുമെന്ന് നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉച്ചയ്ക്ക് 12.30ന് നടക്കുന്ന ചടങ്ങിൽ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം നിർവഹിക്കും. ടി.ജെ. സനീഷ്‌കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ബെന്നി ബെഹന്നാൻ എം.പി മുഖ്യാതിഥിയാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഒ. ജി. സുരജ തുടങ്ങിയവർ സന്നിഹിതരാകും.
തുടർന്ന് മൃഗസംരക്ഷണ സെമിനാറുമുണ്ടാകും. സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി 1 കോടി രൂപ ചെലവിലാണ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് വെറ്റിനറി ആശുപത്രി നിർമ്മിക്കുന്നത്. ക്ലിനിക്കടക്കമുള്ള സൗകര്യങ്ങളും കൂടുതൽ ഡോക്ടമാരും ആശുപത്രിയിലുണ്ടാകും. 24 മണിക്കൂർ പ്രവർത്തിക്കുന്ന ക്ലിനിക്ക് എന്ന സൗകര്യവും ഏർപ്പെടുത്തും. നഗരസഭാ വൈസ് ചെയർപേഴ്‌സൺ സിന്ധു ലോജു, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ.ബിജു എസ്. ചിറയത്ത്, സീനിയർ വെറ്ററിനറി സർജൻ ഡോ. മോളി ആന്റണി, ഡോ.ജയൻ ജോസഫ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.