പുതുക്കാട്: കരിങ്കല്ല് ക്ഷാമം രൂക്ഷമായതിനാൽ നിർമ്മാണ മേഖല പ്രതിസന്ധിയിലായി. ഇതോടെ തൊഴിലാളികൾക്ക് ജോലി ഇല്ലാതായി. മേഖലയിൽ മറ്റത്തൂർ പഞ്ചായത്തിലെ പോത്തൻച്ചിറയിലെ ക്വാറി മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. വീട് നിർമ്മാണം തുടങ്ങിയ പ്രവൃത്തികൾ ഒന്നാകെ സ്തംഭിച്ചു. പോത്തൻച്ചിറയിൽ നിന്നും കല്ല് കിട്ടാനായി മുന്നൂറോളം ടിപ്പറുകളാണ് പ്രതിദിനം എത്തുന്നത്. മിക്കവാറും ടിപ്പറുകൾ തലേ ദിവസം കൊണ്ടുവന്ന് ക്യൂവിൽ ഇടം പിടിക്കുകയാണ്. മിക്കവാറും വണ്ടികൾക്കും ദിവസം ഒരു ലോഡ് മാത്രമാണ് ലഭിക്കുന്നത്. എന്നാൽ സംസ്ഥാനത്തിന് പുറത്തു നിന്നും നൂറുകണക്കിന് ടോറസ് ലോറികൾ കരിങ്കല്ലുമായി ദേശീയപാത വഴി കേരളത്തിലെത്തുന്നുണ്ട്. പുറത്ത് നിന്നും എത്തുന്ന കല്ല് ഉപയോഗിച്ച് ഏതാനും ക്രഷറുകൾ മണലും മെറ്റലും നിർമ്മിക്കുന്നുണ്ടെങ്കിലും വില കുതിച്ച് ഉയരുകയാണ്. മാനദണ്ഡങ്ങൾ ഇല്ലാതെ കരിങ്കൽ ഉത്പ്പന്നങ്ങൾക്ക് വില വർദ്ധിക്കുബോൾ അധികൃതർ കാഴ്ചക്കാരായി നിൽക്കുകയാണ്. പുതിയ നിയമങ്ങൾ പാലിക്കുന്നതിനാൽ മിക്ക ക്വാറികൾക്കും പ്രവർത്തനാനുമതി നൽകാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ജിയോളജി വകുപ്പ് അധികൃതർ പറയുന്നത്. കരിങ്കല്ല് ക്ഷാമം മൂലം റോഡ് നിർമ്മാണം തുടങ്ങി പല സർക്കാർ പദ്ധതികളും പൂർത്തിയാക്കാൻ കരാറുകാർ ബുദ്ധിമുട്ടുകയാണ്. ആവശ്യാനുസരണം കരിങ്കല്ല് ലഭ്യമാക്കാൻ സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെയുള്ള ആവശ്യം.

മിക്ക ക്വാറികളും പ്രവർത്തനം നിറുത്തി
വെള്ളിക്കുളങ്ങര മേഖലയിലെ ക്വാറികളുടെ പ്രവർത്തനം നിലച്ചു. വരന്തരപ്പിള്ളി, തൃക്കൂർ പഞ്ചായത്തുകളിലെ ക്വാറികൾ മാസങ്ങളായി പ്രവർത്തിക്കുന്നില്ല. ഇതോടെ ക്വാറി മേഖലയിലെ നൂറുകണക്കിന് തൊഴിലാളികൾക്ക് ജോലി ഇല്ലാതായി.