kattum-mazhayumമേത്തലയിൽ വൈദ്യുതി കമ്പിക്ക് മുകളിൽ തെങ്ങ് ഒടിഞ്ഞു വീണ നിലയിൽ.

കൊടുങ്ങല്ലൂരിൽ ശക്തമായ കാറ്റും, മഴയും, മിന്നലും നാശം വിതച്ചു

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റും, മഴയും, മിന്നലും പലയിടങ്ങളിൽ നാശം വിതച്ചു. കൊടുങ്ങല്ലൂർ ബൈപാസിലെ ഗൗരിശങ്കർ സിഗ്‌നലിൽ ശക്തമായ കാറ്റിൽ കൂറ്റൻ പരസ്യബോർഡ് റോഡിൽ നിലംപതിച്ചു. പരസ്യബോർഡിന് താഴെ പുതുതായി പണികഴിപ്പിച്ച കടയും തകർന്നു.

പതിവായി ആളുകൾ ഇവിടെ തമ്പടിക്കുന്നത് പതിവാണ്. കാറ്റും മഴയുമായതിനാൽ ഈ സമയം ഇവിടെ ആരും ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. ബോർഡ് വീണതോടെ ബൈപാസിലും സർവീസ് റോഡിലും വാഹന ഗതാഗതം തടസപ്പെട്ടു. മേത്തല എടമുക്ക് ജുമാ മസ്ജിദിന് സമീപം വൈദ്യുതി കമ്പിയിൽ തെങ്ങ് വീണ് പ്രദേശത്ത് വൈദ്യുതി വിതരണം ഏറെ നേരം തടസപ്പെട്ടു.

ഗൗരിശങ്കർ പരിസരത്ത് ശക്തമായ മിന്നലിനെ തുടർന്ന് നിരവധി വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾക്ക് കേടുപറ്റി. പുല്ലൂറ്റ് നിന്നും ഫയർഫോഴ്‌സ് എത്തി രണ്ട് മണിക്കൂറത്തെ കഠിന പ്രയത്‌നത്തിന് ഒടുവിലാണ് ബൈപാസിലും സർവീസ് റോഡിലും വീണ പരസ്യബോർഡ് നീക്കം ചെയ്തത്.