വിതുര:വൃത്തിയാക്കിയതിന് തൊട്ടുപിന്നാലെ വിതുരയിലെ പ്രധാനജലസ്രോതസായ തള്ളച്ചിറ-മൈലക്കോണം-കോട്ടിയത്തറ തോട്ടിൽ മാലിന്യം നിക്ഷേപിച്ച് ജലം മലിനപ്പെടുത്തുന്നതായി പരാതി. ഇറച്ചിവേസ്റ്റുകളും, വീടുകളിൽ നിന്നുള്ള മാലിന്യങ്ങളുമാണ് വൻ തോതിൽ തോട്ടിൽ തള്ളുന്നത്. ധാരാളംപേർ ആശ്രയിക്കുന്ന തോട്ടിൽ മാലിന്യം നിക്ഷേപിക്കുന്നതായും തോട് മലിനപ്പെട്ടുകിടക്കുന്നതായും ചൂണ്ടിക്കാട്ടി നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇറയംകോട്, തള്ളച്ചിറ, മുളയ്ക്കോട്ടുകര മേഖലകളിൽ നിന്നും ഒഴുകിയെത്തുന്ന കൈത്തോടുകൾ ചേർന്ന് ശിവൻകോവിൽ ജംഗ്ഷൻ കോട്ടിയത്തറ വഴി ഒഴുകി വാമനപുരം നദിയിൽ പതിക്കും. കർഷകർ ഉൾപ്പെടെ നൂറുകണക്കിന് പേരുടെ ആശ്രയമാണ് ഇൗ തോട്. വേനൽക്കാലമായതോടെ ഇൗ മേഖലകളിൽ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുകയാണ്. പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ കുമിഞ്ഞുകൂടിയതോടെ തോടിൽ നീരൊഴുക്ക് ഗണ്യമായി കുറയുകയും മിക്ക ഭാഗത്തും മലിനജലം കെട്ടികിടക്കുന്ന സ്ഥിതിയുമാണ്. കുളിക്കുവാനും പാത്രങ്ങൾ കഴുകുവാനും കൃഷിക്കും മറ്റുമായി ധാരാളം പേർ തോട്ടിലെ വെള്ളം ഉപയോഗിക്കാറുണ്ട്. മാലിന്യം വലിച്ചെറിഞ്ഞ് മലിനപ്പെടുത്തിയതോടെ തോടിനെ ആശ്രയിച്ചിരുന്നവർ ബുദ്ധിമുട്ടിലായി. വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികളെ ഇറക്കി തോട് മുഴുവൻ ചപ്പുചവറുകൾ കോരിമാറ്റി വൃത്തിയാക്കി. തടയണയും നിർമ്മിച്ചു. ഇതോടെ തോട് വീണ്ടും പൂർവസ്ഥിതിയിലായി. എന്നാൽ ഒരാഴ്ച പിന്നിട്ടപ്പോൾ വീണ്ടും തോട്ടിൽ മാലിന്യങ്ങൾ നിറഞ്ഞു. മാലിന്യംനിക്ഷേപിക്കുന്നവരെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് മുളയ്ക്കോട്ടുകര, ശിവൻകോവിൽജംഗ്ഷൻ, തള്ളച്ചിറ നിവാസികൾ ആവശ്യപ്പെടുന്നത്. മഴക്കാലത്ത് തോട്ടിൽ വെള്ളംപൊങ്ങുകയും, ശിവൻകോവിൽ ജംഗ്ഷൻവെള്ളത്തിൽ മുങ്ങുകയും പൊൻമുടി റോഡിലേക്ക് ജലപ്രവാഹം ഉണ്ടാവുകയും, ഗതാഗതതടസം നേരിടുകയും ചെയ്യാറുണ്ട്.