kv

ഒരിക്കൽ പരിചയപ്പെട്ടവർ ഒരിക്കലും മറക്കാൻ സാദ്ധ്യതയില്ലാത്ത വ്യക്തിത്വമായിരുന്നു കെ.വി. വാസുദേവൻ. എന്റെ ബാല്യകാലസുഹൃത്തായ ടി.വി. അജയകുമാറിന്റെ അച്ഛൻ എന്ന നിലയിലാണ് വർഷങ്ങൾക്ക് മുമ്പ് ഞാൻ കെ.വിയെ പരിചയപ്പെട്ടത്. അതിനും വളരെ മുൻപേ ശ്രീനാരായണീയൻ എന്ന നിലയിൽ കെ.വിയെ അറിയാമായിരുന്നു. പല പൊതുവേദികളിലും അദ്ദേഹം ഗുരുദേവ ആശയങ്ങൾ അടിവരയിട്ട് പ്രസംഗിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്.

കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തമായി വേരോട്ടം നടത്തിയതിനു പിന്നിൽ ജീവൻ പണയപ്പെടുത്തി പ്രവർത്തിച്ചിരുന്ന അനേകായിരങ്ങളിൽ സ്വന്തം കൈയൊപ്പു പതിപ്പിച്ച പൊതുപ്രവർത്തകനായിരുന്നു കെ.വി. വാസുദേവൻ. തിരുവിതാംകൂറിലും പരിസരപ്രദേശങ്ങളിലും കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിച്ചിരുന്ന കാലത്ത് പാർട്ടി നേതാക്കൾക്കിടയിൽ രഹസ്യവിവരങ്ങൾ കൈമാറുന്നതിന് അദ്ദേഹം നിയോഗിക്കപ്പെട്ടിരുന്നു. അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന കെ.വി. പത്രോസിനും വി.എസ്. അച്യുതാനന്ദൻ ഉൾപ്പെടെയുള്ള പല പ്രമുഖ നേതാക്കൾക്കും അദ്ദേഹത്തെ അത്രയേറെ വിശ്വാസമായിരുന്നു. നിരവധിതവണ പൊലീസിന്റെ ക്രൂരമർദ്ദനങ്ങൾക്കും ഇരയായിട്ടുണ്ട്. (ഒരുപക്ഷേ അതായിരിക്കാം അദ്ദേഹത്തെ ശ്വാസകോശം സംബന്ധിച്ച മാരകരോഗത്തിലെത്തിച്ചതും നേരത്തെ മരണത്തിന് കീഴടങ്ങാൻ ഇടയാക്കിയതും) പാർട്ടി പിളർന്നപ്പോൾ അദ്ദേഹം സി.പി.എം പക്ഷത്തുനിലകൊണ്ടു. ചെത്തുതൊഴിലാളികളെ സംഘടിപ്പിക്കുന്ന ചുമതലയായിരുന്നു പാർട്ടി അദ്ദേഹത്തെ ഏല്പിച്ചത്. സി.ഐ.ടി.യു ചെത്തുതൊഴിലാളി യൂണിയന്റെ ജില്ലാ സെക്രട്ടറി സ്ഥാനം വരെ എത്തിയെങ്കിലും ഒടുവിൽ അദ്ദേഹത്തിന് പ്രസ്ഥാനം വിട്ടുപോകേണ്ടിവന്നു. അക്കാലത്തെ പിന്നാക്ക സമുദായങ്ങളുടെ മുന്നേറ്റത്തിന്റെ പ്രസ്ഥാനമായിരുന്ന എസ്.ആർ.പി യുടെ സ്ഥാപക നേതാക്കളിലൊരാളായിരുന്നു അദ്ദേഹം. അതിന്റെ സംസ്ഥാന സെക്രട്ടറിവരെയായി. തന്റെ പ്രസ്ഥാനത്തിലെ പ്രമുഖ നേതാവും സംസ്ഥാന മന്ത്രിയുമായിരുന്ന വ്യക്തി അഴിമതിക്കാരനാണെന്ന് ബോദ്ധ്യപ്പെട്ടപ്പോൾ അദ്ദേഹത്തിനെതിരെ അന്നത്തെ 'അഴിമതി നിരോധന കമ്മിഷനിൽ" കേസ് ഫയൽ ചെയ്ത് ജഡ്ജിയായിരുന്ന ആ മന്ത്രിയെ മന്ത്രിസഭയിൽ നിന്നു പുറത്താക്കിച്ചതും കെ.വിക്കു മാത്രം അവകാശപ്പെടാൻ കഴിയുന്ന തിളക്കമാർന്ന ചരിത്രം.

ഇന്ത്യയിൽ മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കും വഴി പിന്നാക്ക ജാതികളിൽ ഈഴവരുടെ വലിയ മുന്നേറ്റം കെ.വി എക്കാലവും സ്വപ്നം കണ്ടിരുന്നു. അതിന്റെ തുടർച്ചയാണ് അദ്ദേഹം ക്യാപ്റ്റനായുള്ള പിന്നാക്ക സംവരണ മുന്നണിയുടെ കാസർകോട് - തിരുവനന്തപുരം കാൽനടജാഥയും സെക്രട്ടേറിയറ്റിനു മുന്നിലെ അദ്ദേഹത്തിന്റെ നിരാഹാര സമരവും.

മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് വി.പി. സിംഗ് സർക്കാർ നടപ്പാക്കിയപ്പോൾ അധികാരത്തിലേക്കുള്ള രാജകീയവഴി പിന്നാക്കക്കാർക്ക് തുറന്നിരിക്കുകയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

അജയകുമാറിനു പുറമേ തിരുവനന്തപുരം കോർപ്പറേഷൻ മെഡിക്കൽ കോളേജ് ഡിവിഷൻ കൗൺസിലറായിരുന്ന ടി.വി. അജിത‌്‌കുമാർ (ബാവ) ടി.എസ്. സുധ, ടി.എസ്. നീന, ടി.എസ്. പാർവതി എന്നിവരാണ് മറ്റു മക്കൾ.

ഏകദേശം 32 വർഷങ്ങൾക്കു മുമ്പ് ജുഡിഷ്യൽ ഓഫീസറായി നിയമനം കിട്ടിയശേഷം ഞാൻ കെ.വിയെ കാണാൻ ചെന്നപ്പോൾ അദ്ദേഹം എനിക്കു തന്ന അനുഗ്രഹവും ഉപദേശവും ഓർമ്മയിൽ ശോഭയോടെ നിൽക്കുന്നു.

ഞാൻ ഉദ്യോഗത്തിലിരുന്ന സ്ഥലങ്ങളിൽ ഞങ്ങളുടെ വീട്ടിൽ നടത്തിയ സന്ദർശനവും ഒരു മകളെന്ന സ്വാതന്ത്ര്യത്തോടെ എന്റെ ഭാര്യ സുനന്ദയുടെ ആതിഥേയത്വം സ്വീകരിച്ചതും ഓർമ്മയിലുണ്ട്.

ഗുരുദേവനെന്ന ആത്മീയ ഗുരുവിനെ കണ്ടെത്തി തിരുവിതാംകൂറിലെ പിന്നാക്ക ജനവിഭാഗങ്ങളെ മുൻനിരയിലെത്തിച്ച ഡോ. പല്‌പുവിന്റെ ജീവിതം മാതൃകയാക്കണമെന്ന് അദ്ദേഹം എന്നെ ഉപദേശിക്കുകയുമായിരുന്നു. കെ.വി ഭൂമിയിൽ നിന്നു മറഞ്ഞിട്ട് 25 വർഷമായി. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

( സംസ്ഥാന ഭിന്നശേഷി കമ്മിഷണറാണ് ലേഖകൻ )