sarkkara

 ഗരുഡൻ തൂക്കം ഇന്ന്

ചിറയിൻകീഴ്: ഭക്തിയുടെ നിറവിൽ ശാർക്കര ദേവീക്ഷേത്രത്തിലെ ഉരുൾ മഹോത്സവം സമാപിച്ചു. 31 കരകളിൽ നിന്ന് ഇന്നലെ രാത്രി പുറപ്പെട്ട ഉരുൾ ഘോഷയാത്രകൾ പുലർച്ചെ മൂന്നിന് ക്ഷേത്രത്തിലെത്തി ഉരുൾ സന്ധിപ്പ് നടത്തി. ഇന്നലെ രാത്രി മുതൽ ക്ഷേത്രത്തിൽ വൻഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.

ഉരുൾ ഘോഷയാത്രയ്ക്ക് നാദസ്വരവിദ്വാന്മാരും വിവിധ കലാരൂപങ്ങളും വാദ്യഘോഷങ്ങളും അകമ്പടി സേവിച്ചു. ശാർക്കര ക്ഷേത്രത്തിന്റെ തെക്കേ നടയിലൂടെ ആദ്യം ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അനുമതി ശാർക്കര നായർ കരയോഗത്തിനാണ്. ഉരുൾ ഘോഷയാത്രയ്ക്ക് മുന്നോടിയായി ഇന്നലെ വൈകിട്ട് 4ന് വിവിധ കരക്കാരുടെ ഉരുൾ വഴിപാടിൽ സംബന്ധിക്കുന്ന നാദസ്വര-വാദ്യമേളങ്ങളുടെ സേവ ആനക്കൊട്ടിലിലും സേവാപന്തലിലും നടന്നു.
മീന ഭരണി മഹോത്സവത്തിന് ഭക്തി നിർഭരമായ സമാപനമൊരുക്കി ക്ഷേത്ര സന്നിധിയിലെ പ്രധാന ചടങ്ങായ ഗരുഡൻ തൂക്ക നേർച്ച ഇന്ന് നടക്കും. ഭജനപ്പുരയിൽ കഠിനാവ്രതാനുഷ്ഠാനങ്ങളോടെ കഴിഞ്ഞുവന്നിരുന്ന 301 നേർച്ചക്കാരാണ് തൂക്കവില്ലേറുന്നത്. ഇന്ന് പുലർച്ചയോടെ ദേവീസന്നിധിയിലെത്തുന്ന നേർച്ച ഭക്തർ ദേവിയെ ഏഴുവലം ചുറ്റി അനുഗ്രഹം വാങ്ങിയ ശേഷം ദേവസ്വം വക ഭഗവതി കൊട്ടാരത്തിലേക്ക് ഉടുത്തുകെട്ടലിനും ചുട്ടികുത്തലിനുമായി പുറപ്പെടും. ഉടുത്തുകെട്ടിനായി നിയോഗിക്കപ്പെട്ടിട്ടുള്ള കീഴതിൽ കുടുംബത്തിലെ കാരണവരുടെ അനുഗ്രഹം വാങ്ങി ആദ്യ ചടങ്ങായ ചുട്ടികുത്തലിന് തുടക്കമിടും. തൂവെള്ള വസ്ത്രങ്ങൾ അണിഞ്ഞ് ഒറ്റത്തോർത്ത് ചൂടിയാണ് നേർച്ച തൂക്കത്തിൽ തൂക്കക്കാർ പങ്കെടുക്കുന്നത്.

25 പേരടങ്ങുന്ന ആദ്യ നേർച്ച തൂക്ക സംഘം നാഗസ്വര വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഭഗവതിക്കൊട്ടാരത്തിൽ നിന്ന് ക്ഷേത്ര സന്നിധി ലക്ഷ്യമാക്കി ഘോഷയാത്രയായി പുറപ്പെടും. പ്രത്യേകരീതിയിൽ തുള്ളൽ നടത്തിയെത്തുന്ന നേർച്ചത്തൂക്കക്കാർ ക്ഷേത്ര സന്നിധിയിലെത്തി ദേവിയെ സ്‌തുതിച്ച ശേഷമാണ് വില്ലിന്മേൽ കയറുന്നത്. രാവിലെ 7 മുതൽ ഗരുഡൻതൂക്കം ആരംഭിക്കും. നേർച്ച തൂക്കക്കാരുടെ കൈകളിൽ കുട്ടികളെ കാഴ്ചവച്ച് പിള്ളകെട്ടിത്തൂക്കവും നടത്തും. തൂക്കവഴിപാടുകൾ വൈകിട്ടോടെ സമാപിക്കും.