
ചിറയിൻകീഴ്: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ശാർക്കര മീന ഭരണി മഹോത്സവത്തിന് പരിസമാപ്തി. ഇന്നലെ രാവിലെ മുതൽ ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ ഗരുഡൻ തൂക്കനേർച്ച കാണാൻ ഭക്തജനപ്രവാഹമായിരുന്നു. മേൽശാന്തി ചിറയ്ക്കര നന്ദനമഠം പ്രേംകുമാർ പോറ്റിയുടെ മുഖ്യകാർമികത്വത്തിൽ ഇരുവില്ലുകളിലും പ്രത്യേക പൂജ നടത്തിയശേഷം രാവിലെ 7ന് ആരംഭിച്ച ഗരുഡൻ തൂക്കം രാത്രിയോളം നീണ്ടു.
ഭജനപ്പുരയിൽ കഠിന വ്രതാനുഷ്ടാനങ്ങളോടെ കഴിഞ്ഞിരുന്ന 276 പേരാണ് തൂക്കനേർച്ചയിൽ പങ്കെടുത്തത്. കൊവിഡ് വ്യാപനത്താൽ കഴിഞ്ഞ 2 വർഷം തൂക്കം നടന്നിരുന്നില്ല. അതിനാൽ കഴിഞ്ഞ വർഷങ്ങളിലെ തൂക്കനേർച്ചക്കാരെയും ഉൾപ്പെടുത്തി 301 പേർക്കാണ് അവസരം നൽകിയതെങ്കിലും, ക്യാൻസലേഷൻ കാരണം 276 പേരാണ് തൂക്കവില്ലേറിയത്. ഭഗവതികൊട്ടാരത്തിൽ നിന്ന് ഉടുത്തുകെട്ടലിനും ചുട്ടികുത്തലിനും ശേഷം ചെറുസംഘങ്ങളായി തിരിഞ്ഞ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തി ദേവിയെ സ്തുതിച്ചശേഷമാണ് വില്ലേറിയത്. ഇടയ്ക്ക് പെയ്ത മഴ വളരെയേറെ ആശ്വാസമായി. ക്ഷേത്ര പരിസരത്തെ പഞ്ചാര മണലിൽക്കൂടി ഇരുവില്ലുകളും 138 തോളം തവണയാണ് ക്ഷേത്രത്തിൽ പ്രദക്ഷിണം വയ്ക്കുന്നത്. തുടർന്ന് രാത്രിയോടെ ക്ഷേത്രത്തിൽ നിന്നുപുറപ്പെട്ട ആറാട്ട് ഘോഷയാത്ര വലിയകട, ഒറ്റപ്ലാംമുക്ക്, പടനിലം വഴി റെയിൽവേ ലൈൻ കടന്ന് ആൽത്തറമൂട്ടിലെത്തി ആറാടിയശേഷം പണ്ടകശാല വഴി ക്ഷേത്രത്തിൽ തിരിച്ചെത്തി. ആറാട്ട് കടന്നുപോയ വഴികൾ അലങ്കരിച്ചും ദീപങ്ങൾ തെളിച്ചും നിലവിളക്കൊരുക്കിയും ഭക്തർ ദേവിയെ വരവേറ്റു. ക്ഷേത്ര ഉപദേശക സമിതി, വിവിധ ഉരുൾ കമ്മിറ്റികൾ, ന്യൂരാജസ്ഥാൻ മാർബിൾസ്, ടാക്സി-ആട്ടോ ഡ്രൈവർമാർ, സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ വൈദ്യുത ദീപാലങ്കാരക്കാഴ്ചയും ഒരുക്കിയിരുന്നു.