ആറ്റിങ്ങൽ: കൊവിഡ് തകർത്ത വിനോദസഞ്ചാര മേഖലയിൽ പുനരുജ്ജീവന പദ്ധതികളുമായി ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘം. സുരക്ഷിതയാത്ര ഒരുക്കുന്നതിനും ഈ മേഖലയിലെ നിക്ഷേപകർക്ക് ആവശ്യമായ സഹായം നൽകുന്നതിനുമാണ് പദ്ധതികൾ ആവിഷ്‌കരിച്ചത്. ലോകടൂറിസവും കേരള ടൂറിസവും സമന്വയിപ്പിക്കുന്ന പദ്ധതികളാണ് സൊസൈറ്റി ഒരുക്കുന്നത്. ഓൺലൈൻ സംവിധാനങ്ങളുടെ അപര്യാപ്തതയും പരിചയക്കുറവുമുള്ള തദ്ദേശീയ ഹോം സ്റ്റേ നടത്തിപ്പുകാർ, ചെറുകിട ബോട്ട് സർവീസുകാർ, വള്ളം ഉടമകൾ, ടാക്സി ഡ്രൈവർമാർ എന്നിവർക്ക് പരിശീലനം നൽകി വിനോദസഞ്ചാരികളെ ഇവർക്കരികിൽ എത്തിക്കാനും കുറഞ്ഞ ചെലവിൽ മികച്ച സേവനം ലഭ്യമാക്കാനും സഹായിക്കുന്നതാണ് പദ്ധതി. ഇതേ മാതൃകയിൽ രാജ്യത്തെ പ്രധാന ഡെസ്റ്റിനേഷനുകളിലെയും രാജ്യാന്തര ടൂറിസം മേഖലയിലും നേരിട്ടിടപെട്ട് കുറഞ്ഞ ചെലവിൽ സ്ഥലങ്ങൾ കാണുന്നതിനുള്ള സൗകര്യവും സൊസൈറ്റി ഒരുക്കും. സ്കൂൾ കുട്ടികൾക്ക് സമ്പാദ്യം ഒരുക്കി ടൂർ പോകുന്നതിനുള്ള നിക്ഷേപപദ്ധതികളും. ഒരുമിച്ച് തുക മുടക്കി യാത്ര പോകാൻ കഴിയാത്തവർക്കായി തവണ വ്യവസ്ഥയിൽ തുക നൽകുന്ന ടൂർ വായ്പ പദ്ധതിയും സംഘം നടത്തുന്നുണ്ട്. മുൻ കെ.പി.സി.സി സെക്രട്ടറി എം.എ. ലത്തീഫ് പുതിയ പദ്ധതി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ഇളമ്പ ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി രതീഷ് രവീന്ദ്രൻ എന്നിവർ സംസാരിച്ചു.