railway-

വർക്കല: കൊവിഡ് കാലത്ത് നിറുത്തലാക്കിയ ഗുരുവായൂർ - ചെന്നൈ - എഗ്‌മോർ ട്രെയിനിനും, മംഗലാപുരം - തിരുവനന്തപുരം എക്സ്‌പ്രസ് ട്രെയിനിനും വർക്കല - ശിവഗിരി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് പുനരാരംഭിക്കണമെന്ന് വർക്കല - ശിവഗിരി റെയിൽവേ വെൽഫെയർ അസോസിയേഷൻ കേന്ദ്ര റെയിൽവേ മന്ത്റിക്കും റെയിൽവേ ബോർഡ് ചെയർമാനും ജനറൽ മാനേജർക്കും ഡിവിഷണൽ റെയിൽവേ മാനേജർക്കും നിവേദനങ്ങൾ നൽകി. രണ്ട് ട്രെയിനുകൾക്കും ഒൺവേ സ്റ്റോപ്പുകൾ നിലവിലുണ്ട്. തിരുവനന്തപുരത്തു നിന്നും മംഗലാപുരത്തേക്കും ഗുരുവായൂരിലേക്ക് പോകുന്ന ചെന്നൈ എഗ്‌മോറിനും വർക്കലയിൽ സ്റ്റോപ്പ് നിലവിലുണ്ട്. ഗുരുവായൂരിൽ നിന്ന് വരുന്ന യാത്രക്കാർക്കും തമിഴ്നാട്ടിലേക്ക് പോകുന്ന യാത്രക്കാർക്കും സ്റ്റോപ്പില്ലാത്തത് മൂലം വളരെ ബുദ്ധിമുട്ടുണ്ട്. 11 പാസഞ്ചർ ട്രെയിനുകൾ ഓടിയിരുന്ന കൊല്ലം തിരുവനന്തപുരം ലൈനിൽ ഇപ്പോൾ പാസഞ്ചർ ട്രെയിനുകൾ അഞ്ചായി കുറഞ്ഞു. എല്ലാ പാസഞ്ചർ ട്രെയിനുകൾക്കും കാപ്പിൽ ഇടവ അകത്തുമുറി സ്റ്റേഷനുകളിൽ ഉണ്ടായിരുന്ന സ്റ്റോപ്പുകൾ പുനരാരംഭിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അസോസിയേഷൻ പ്രസിഡന്റ് സി.പ്രസന്നകുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തകരായ ലൈനാകണ്ണൻ, ബ്രഹ്മാസ് മോഹനൻ, സപ്രു, സുനിൽ വി.ദേവ്, അരുൺ വർക്കല എന്നിവർ ചേർന്നാണ് നിവേദനങ്ങൾ വർക്കല പോസ്റ്റാഫീസിൽ നിന്ന് അയച്ചത്.