
പൂവാർ: അരുമാനൂരിലെ താമരക്കുളം കൈയേറ്റം കാരണം നാൾക്കുനാൾ ചെറുതാകുന്നുവെന്ന് പരാതി. 3 ഏക്കർ വിസ്തൃതിയുണ്ടായിരുന്ന കുളം കൈയേറ്റം കാരണം ഇന്ന് 2 ഏക്കർ പോലുമില്ലാതായെന്നും നാട്ടുകാർ പറയുന്നു. കുളത്തിന് ചുറ്റുമുള്ള വീതിയേറിയ ബണ്ട് ഇപ്പോഴില്ല. വിശാലമായ നടവഴി ചെറിയ ഊടുവഴിയായി മാറിയിരിക്കുന്നു. കുളത്തിൽ നിന്നും താഴ്ന്ന ഭാഗത്തേക്ക് വെള്ളം ഒഴുകിപ്പോകുന്നതിനും മുകളിൽ നിന്ന് കുളത്തിലേക്ക് വെള്ളം ഒഴുകിയെത്തുന്നതിനും നിലവിൽ ഉണ്ടായിരുന്ന കൈത്തോട് വീതി കുറഞ്ഞ് ചെറിയ ചാലായി പരിണമിച്ചിട്ടുണ്ട്. ഇതെല്ലാം കുളത്തിന്റെ സ്വാഭാവികതയെ ഇല്ലാതാക്കിയിരിക്കുയാണ്. താമരക്കുളം നവീകരിക്കണമെന്നും കൈയേറ്റം ഒഴിപ്പിച്ച് സംരക്ഷിക്കണമെന്നും ആവശ്യം ശക്തമാകുകയാണ്. എല്ലാക്കാലത്തും പ്രദേശവാസികൾ ആശ്രയിരുന്ന താമരക്കുളം നവീകരണം ഇല്ലാതായിട്ട് വർഷങ്ങളായി. കുളത്തിന്റെ 4 അതിരുകളും കൈയേറ്റക്കാരുടെ കൈകളിലായി. കൂടാതെ കുളിക്കടവുകളും ഇപ്പോൾ തകർന്ന അവസ്ഥയിലാണ്. കുളത്തിന് മുകളിലൂടെ കടന്നുപോകുന്ന ഇലക്ട്രിക്ക് ലൈൻ കമ്പികൾ അപകടാവസ്ഥയിലാണ്. ചുറ്റും നിൽക്കുന്ന പഴക്കമേറിയ തെങ്ങുകളും മറ്റ് വൃക്ഷങ്ങളും മറിഞ്ഞ് വീണാൽ കമ്പികൾ തകർന്ന് കുളത്തിൽ പതിക്കും. കുളത്തിന് മുകളിലെ കമ്പികൾ മാറ്റി സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
സംരക്ഷണം വേണം
എത്ര കടുത്ത വേനലിലും വറ്റാത്തതാണ് താമരക്കുളത്തിന്റെ പ്രത്യേകത. വേനൽക്കാലത്ത് ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും ആൾക്കാർ കുളിക്കുന്നതിനും നനയ്ക്കുന്നതിനും ഇവിടെ എത്താറുണ്ട്. പ്രദേശത്തെ കർഷകർ കൃഷിക്ക് ആവശ്യമായ വെള്ളത്തിന് ആശ്രയിക്കുന്നതും താമരക്കുളത്തെയാണ്. കൈപ്പുരി ഏലായിലെ നെൽകൃഷിക്ക് വെള്ളം കിട്ടിയിരുന്നത് പ്രധാനമായും ഇവിടെനിന്നാണ്. സമീപപ്രദേശങ്ങളിലെ കിണറുകളും വാറ്റാറില്ല. അതിനാൽ പ്രദേശത്തെ പ്രധാന ജലസംഭരണിയായ താമരക്കുളം സംരക്ഷിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചരിത്രത്തിലും താമരക്കുളം
മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ഒളിജീവിതത്തിനിടയിൽ നെയ്യാറ്റിൻകരയിലെ അമ്മച്ചിപ്ലാവിൻ നിന്നും പ്രാണരക്ഷാർത്ഥം പൂവാറിലെ കല്ലറയ്ക്കൽ വീട്ടിൽ എത്തുന്നതിനിടയിൽ അരുമാനൂരിലെ താമരക്കുളത്തിൽ നീരാടിയതായും, സമീപത്തെ തമ്പുരാൻവിളയിൽ വിശ്രമിച്ചിരുന്നതായും പഴമക്കാർ പറയുന്നു. അക്കാലത്ത് കുളം താമരപ്പൂ കൊണ്ട് നിറഞ്ഞിരുന്നു. ആയതിനാലാണ് താമരക്കുളം എന്ന പേര് ലഭിച്ചത്. കൂടാതെ പ്രദേശത്ത് അധിവസിച്ചിരുന്ന ബ്രാഹ്മണർ ദേശം വിട്ട് പോയപ്പോൾ ഉപേക്ഷിച്ച ആരാധനാവിഗ്രഹങ്ങളുടെ അവശിഷ്ടങ്ങൾ കുളത്തിൽ ഉപേക്ഷിച്ചതായും പറയപ്പെടുന്നു. ഇതിന്റെ സ്മരണാർത്ഥവും പരിഹാരവുമായാണ് കുളത്തിന് സമീപം വിഷ്ണുക്ഷേത്രം നിർമ്മിച്ച് നാട്ടുകാർ ആരാധിക്കുന്നത്.