
കല്ലമ്പലം:കെ -റെയിൽ പദ്ധതിയിലൂടെ ജനക്ഷേമമല്ല മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നും കമ്മീഷനോടാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെ-റെയിൽ കടന്നുപോകുന്ന നാവായിക്കുളം പഞ്ചായത്തിലെ പലവക്കോട്, മരുതിക്കുന്ന്, കപ്പാംവിള, കോട്ടറക്കോണം, പുതുശ്ശേരിമുക്ക് പ്രദേശങ്ങളിലെ കുടിയൊഴിപ്പിക്കപ്പെടുന്ന ജനങ്ങളുടെ പ്രതിരോധ സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ജമാ അത്തും സി.എസ്.ഐ ചർച്ചും ഉൾപ്പെടെ കുടിയൊഴിപ്പിക്കപ്പെടുന്ന മരുതിക്കുന്നിൽ യു.ഡി.എഫ് വർക്കല നിയോജകമണ്ഡലം കമ്മിറ്റിയാണ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ബി.ധനപാലൻ അദ്ധ്യക്ഷത വഹിച്ചു. ഇ.റിഹാസ് സ്വാഗതവും മുല്ലനല്ലൂർ രാമചന്ദ്രൻ നന്ദിയും പറഞ്ഞു. സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി.ജോൺ, ഡി.സി .സി പ്രസിഡന്റ് പാലോട് രവി, യു.ഡി.എഫ് ജില്ല ചെയർമാൻ പി.കെ. വേണുഗോപാൽ, കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം ഷെഫീർ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ബീമാപള്ളി റഷീദ്, പി.എം.ബഷീർ, വർക്കല കഹാർ, എം.എം.താഹ തുടങ്ങിയവർ പങ്കെടുത്തു.