കാട്ടാക്കട: ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനായി നടത്തുന്ന സ്പെഷ്യൽ സ്കൂളുകൾ കടുത്ത അവഗണനയിൽ.ഏറെ വർഷക്കാലത്തെ സമര പോരാട്ടങ്ങൾക്കൊടുവിൽ ചില ആനുകൂല്യങ്ങൾ സർക്കാർ പ്രഖ്യാപിച്ചെങ്കിലും പലതും ലഭിക്കുന്നില്ല.

5,000ത്തോളം സ്പെഷ്യൽ അദ്ധ്യാപകരാണ് ഈ മേഖലയിൽ പണിയെടുക്കുന്നത്. 12 മാസം പണിയെടുത്താൻ ഇവർക്ക് കിട്ടുന്നത് നാലോ അഞ്ചോ മാസത്തെ തുശ്ചമായ വേതനമാണ്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം ജനുവരിയിലെ ഓണറേറിയത്തിന്റെ ഒരു ഭാഗം മാത്രം ഇപ്പോൾ നൽകാമെന്നാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.

സന്നദ്ധ സംഘടനകളാണ് സ്പെഷ്യൽ സ്കൂളുകളിൽ ഏറെയും നടത്തുന്നത്. കുട്ടികളുടെ എണ്ണമനുസരിച്ച് സ്കൂളുകളെ നാല് ഗ്രെയിഡുകളായി തിരിച്ച് പാക്കേജ് തയ്യാറാക്കിയാണ് ഓണറേറിയം അനുവദിക്കുന്നത്. ജീവനക്കാരിൽ കുറച്ചുപേർക്ക് മാത്രമേ ഇത് ലഭിക്കൂ.

സർക്കാർ ബഡ്സ് സ്കൂളുകൾക്ക് ഉൾപ്പെടെ ഓണറേറിയത്തിന് 105 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. എന്നാലിപ്പോൾ പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത് 22.5കോടി മാത്രമേയുള്ളൂവെന്നാണ്.

ഇക്കണക്കിന് പോയാൽ സ്ഥാപനങ്ങൾ പൂട്ടിപ്പോകേണ്ട സ്ഥിതിയാണുള്ളത്. ഇതിന്റെ സത്യാവസ്ഥ സർക്കാരിനെ ബോദ്ധ്യപ്പെടുത്തുന്നതിനാണ് ഇക്കഴിഞ്ഞ ദിവസം സ്പെഷ്യൽ സ്കൂളുകാർ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തി പ്രതിഷേധമറിയിച്ചത്.

ഓണറേറിയം കിട്ടുന്നില്ല

ഭിന്നശേഷിക്കാരായ കുട്ടികളെ പരിപാലിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന സ്പെഷ്യൽ സ്കൂളുകളിലെ അദ്ധ്യാപകർക്കും ജീവനക്കാർക്കും കഴിഞ്ഞ ഏപ്രിൽ മുതൽ ഓണറേറിയം ലഭിച്ചിട്ടില്ല. മൂന്ന് മാസത്തെ ഓണറേറിയമാണ് കുടിശ്ശിക.

അദ്ധ്യാപകർക്കും ആയമാർക്കും മാത്രമാണ് ഓണറേറിയം കിട്ടുന്നത്

അദ്ധ്യാപകർക്ക് - 12000 - 12,500 രൂപ

ആയമാർക്ക് 7,000 - 7,500 രൂപ

മുടങ്ങാൻ കാരണം

പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്നും നിർദേശം ലഭിക്കാത്തതിനാലാണ് ഡിസംബറിന് ശേഷം ഓണറേറിയം മുടങ്ങിയതെന്നാണ് അധികൃതരുടെ വിശദീകരണം. കുടിശിക നൽകുമെന്നു മന്ത്രി വി. ശിവൻകുട്ടി പറഞ്ഞെങ്കിലും ജനുവരി മാസത്തെ ഓണറേറിയത്തിൽ അദ്ധ്യാപകർക്ക് 6000 - 6250 രൂപയും ആയമാർക്ക് 5000 - 5250 രൂപ വീതം തൽക്കാലം നൽകാമെന്നാണ് പുതിയ ഉത്തരവ്. ബാക്കി എന്നു നൽകുമെന്നും ഇതുവരെ വ്യക്തമല്ല.