
തിരുവനന്തപുരം: കള്ളിന്റെ ശനിദിശ പുതിയ മദ്യനയത്തിലും മാറിയില്ല. ദൂരപരിധി കുറയ്ക്കുന്നതടക്കം കള്ളു വ്യവസായ മേഖലയുടെ ആവശ്യം പാടെ നിരാകരിക്കപ്പെട്ടു. ഷാപ്പുടമകളുടെയും തൊഴിലാളി സംഘടനകളുടേയും ഏറെക്കാലമായുള്ള ആവശ്യമായിരുന്നു ദൂരപരിധി കുറയ്ക്കൽ. ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ശ്മശാനങ്ങൾ, പട്ടികജാതി/വർഗ കോളനികൾ തുടങ്ങിയ സ്ഥാപനങ്ങളുടെ 400 മീറ്റർ ദൂരത്തിലേ കള്ളു ഷാപ്പുകൾക്ക് പ്രവർത്തിക്കാനാവൂ. എന്നാൽ ത്രീ സ്റ്റാർ ബാറുകൾക്കും വിദേശമദ്യചില്ലറ വില്പന ശാലകൾക്കും 200 മീറ്ററാണ്. ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ബാർ ഹോട്ടലുകൾക്കും ഹെറിറ്റേജ് ഹോട്ടലുകൾക്കും 50 മീറ്ററും.
കള്ളു വ്യവസായത്തിന്റെ പുരോഗതിക്ക് സഹായകമാകുന്ന ടോഡി ബോർഡിന്റെ പ്രവർത്തനവും ഇതുവരെ തുടങ്ങിയില്ല. കഴിഞ്ഞ സർക്കാർ ബോർഡിന്റെ ഘടന ഉൾപ്പെടെ തയ്യാറാക്കിയിരുന്നു. കള്ളുഷാപ്പുകളുടെ ലൈസൻസ് പുതുക്കൽ ഇക്കുറി ഓൺലൈനാക്കിയെങ്കിലും അപേക്ഷിക്കാനുള്ള സമയം കുറവായിരുന്നതിനാൽ പലർക്കും പുതുക്കാനായില്ല. ഇന്നലെയായിരുന്നു അവസാന തീയതി. പല ഷാപ്പുടമകൾക്കും ഇതിനുള്ള സംവിധാനമുണ്ടായിരുന്നില്ല. അക്ഷയകേന്ദ്രങ്ങളെയാണ് അവർ ആശ്രയിച്ചത്.
മറ്റു ജില്ലകളിൽ നിന്ന് കള്ളു കൊണ്ടുവരുന്നതിനുള്ള പെർമിറ്റ് ഫീസ് ലിറ്ററിന് ഒരു രൂപയിൽ നിന്ന് രണ്ടാക്കിയതും തിരിച്ചടിയായി. ഒരാൾക്ക് പരമാവധി വാങ്ങി സൂക്ഷിക്കാവുന്ന കള്ള് ഒന്നരലിറ്ററാണ്. എന്നാൽ കള്ളിനെക്കാൾ വീര്യമുള്ള ഇന്ത്യൻ നിർമ്മിത വിദേശ മദ്യം മൂന്നുലിറ്റർ വരെ സൂക്ഷിക്കാം. ഇക്കാര്യങ്ങൾ തൊഴിലാളി സംഘടനകൾ ഉൾപ്പെടെ പലതവണ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല.
4,610
മൊത്തം ഷാപ്പുകൾ
39,000
തൊഴിലാളികൾ
27,000
ചെത്തുതൊഴിലാളികൾ