കുറ്റാന്വേഷണത്തിലൂടെ പ്രേക്ഷകരെ ഉദ്വേഗഭരിതമാക്കാൻ 20 ലധികം ചിത്രങ്ങൾ

മലയാള സിനിമ വീണ്ടും കുറ്റാന്വേഷണ ചിത്രങ്ങളിലേക്ക്. 20 ലധികം കുറ്റാന്വേഷണ ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നതും ചിത്രീകരണം പുരോഗമിക്കുന്നതും. കുറ്റാന്വേഷണത്തിന്റെ വിവിധ തലങ്ങൾ ,അപ്രതീക്ഷിത ട്വിസ്റ്റും ക്ളൈമാക്സും പ്രേക്ഷകരെ ഉദ്വേഗഭരിതമാക്കുന്നു.
ഒ.ടി.ടി റിലീസായി എത്തിയ ദുൽഖർ സൽമാൻ ചിത്രം സല്യൂട്ട് പൊലീസ് തുടർ അന്വേഷണമായിരുന്നു പ്രമേയം. ദുൽഖർ സൽമാന്റെ ആദ്യ പൊലീസ് കുറ്റാന്വേഷണ ചിത്രം കൂടിയാണ് സല്യൂട്ട്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ട് ആദ്യാന്ത്യം അന്വേഷണത്തിലൂടെയാണ് മുന്നോട്ടു പോയത്.
മികച്ച അഭിപ്രായം നേടുന്ന അനൂപ് മേനോൻ ചിത്രം 21 ഗ്രാംസ് ഒരു പെൺകുട്ടിയുടെ കൊലപാതകവും കൊലപാതകിയെ തേടിയുള്ള യാത്രയുമാണ് ചർച്ച ചെയ്യുന്നത്. ശക്തമായ തിരക്കഥയും അഭിനയമുഹൂർത്തങ്ങളുമാണ് നവാഗതനായ ബിബിൻ കൃഷ്ണ സംവിധാനം ചെയ്ത 21 ഗ്രാംസിന്റെ അടിത്തറ. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി നന്ദകിഷോർ എന്ന കഥാപാത്രമാണ് അനൂപ് മേനോൻ. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകനെ പിടിച്ചിരുത്താൻ ചിത്രത്തിനു കഴിഞ്ഞു. ട്വിസ്റ്റും ത്രില്ലറും എല്ലാം നിറഞ്ഞിട്ടുണ്ട് . ഇന്ദ്രജിത്ത്, അനു സിതാര എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഷാൻ തുളസീധരൻ സംവിധാനം ചെയ്യുന്ന അനുരാധ ക്രൈം നമ്പർ 59/ 2019 എന്ന ചിത്രത്തിൽ പീതാംബരൻ എന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായാണ് ഇന്ദ്രജിത്ത് എത്തുന്നത്.
ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഒരു കേസന്വേഷണത്തെ ചുറ്റിപ്പറ്റിയാണ്. ഡാർക് വെബ്ബിന്റെ കഥയുമായി ഡോൺമാക്സ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അറ്റ് .ഇന്റർനെറ്റിലെ ഡാർക് വെബ്ബിന്റെ പശ്ചാത്തലത്തിൽ ആദ്യമായാണ് മലയാളത്തിൽ സിനിമ. ആകാശ് സെൻ ആണ് നായകൻ.
ജിജു അശോകൻ സംവിധാനം ചെയ്യുന്ന പുള്ളി ടൈറ്റിൽ സൂചിപ്പിക്കുന്നതുപോലെ ജയിൽ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. കമലം ഫിലിംസിന്റെ ബാനറിൽ ടി.ബി. രഘുനാഥനാണ് നിർമ്മാണം.
ഉർവശി, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതയായ രമ്യ അരവിന്ദ് സംവിധാനം ചെയ്യുന്ന ഒരു പൊലീസുകാരന്റെ മരണം മിസ്റ്ററി ചിത്രമാണ്. പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ചിത്രത്തിൽ ഉർവശി. ഉടൻ ചിത്രീകരണം ആരംഭിക്കും.
മമ്മൂട്ടി, കെ. മധു, എസ്.എൻ. സ്വാമി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സി.ബി.ഐ 5 ദ് ബ്രെയിൽ സേതുരാമയ്യരുടെ അന്വേഷണത്തിലൂടെയാണ് നീങ്ങുന്നത്. വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ഏപ്രിൽ 28ന് റംസാൻ റിലീസായാണ് ചിത്രം എത്തുക. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും വീണ്ടും ഒന്നിക്കുന്ന ജനഗണമന എന്ന ചിത്രത്തിലൂടെ കുറ്റാന്വേഷണത്തെ ചടുലമായി ആവിഷ്കരിക്കുന്നു സംവിധായകൻ ഡിജോ ജോസ് ആന്റണി. ഏപ്രിൽ 28ന് ജനഗണമന റിലീസ് ചെയ്യും.
ഒരു ദശാബ്ദത്തിനുശേഷം സുരേഷ് ഗോപി വീണ്ടും പൊലീസ് യൂണിഫോമിൽ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് പാപ്പൻ. എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് പാപ്പൻ.
നീതുപിള്ള, നൈല ഉഷ, ആശ ശരത്, കനിഹ, ചന്തുനാഥ്, വിജയരാഘവൻ, ടിനിടോം തുടങ്ങി വൻ താരനിര അണിനിരക്കുന്നുണ്ട്. കുറ്റാന്വേഷണ ചിത്രങ്ങളുടെ വിജയത്തെ ആശ്രയിച്ചിരിക്കും ഈ ശ്രേണിയിലെ തുടർ ചിത്രങ്ങളുടെ യാത്ര.