
തിരുവനന്തപുരം: കുറഞ്ഞ ഫീസിൽ എം.എസ്.ഡബ്ളിയു (മാസ്റ്റർ ഒഫ് സോഷ്യൽ വർക്ക്) പഠിക്കാൻ സംസ്കൃത സർവകലാശാല അവസരമൊരുക്കുന്നു. കാലടി മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക കാമ്പസുകളിലും ഈ കോഴ്സുണ്ട്. സെമസ്റ്റർ ഫീസ് 6500 രൂപ. രാജ്യത്തു തന്നെ ഏറ്റവും കുറഞ്ഞ ഫീസാണിതെന്ന് സർവകലാശാല അറിയിച്ചു. സ്‌കോളർഷിപ് സൗകര്യവും ലഭ്യമാണ്.
ഏതെങ്കിലും വിഷയത്തിൽ ബിരുദം (10+ 2+ 3 പാറ്റേൺ) നേടിയവർക്ക് അപേക്ഷിക്കാം. ബി. എ. പ്രോഗ്രാമിന്റെ ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം പ്രകാരം എല്ലാ കോഴ്സുകളും പൂർത്തിയായവർക്കും ഒന്ന് മുതൽ നാല് സെമസ്റ്ററുകൾ വിജയിച്ച് (എട്ട് സെമസ്റ്റർ പ്രോഗ്രാമിന് ഒന്ന് മുതൽ ആറ് സെമസ്റ്ററുകൾ വിജയിച്ച്) 2022 ഏപ്രിൽ / മേയ് മാസങ്ങളിൽ അവസാന സെമസ്റ്റർ പരീക്ഷ എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഇവർ ഓഗസ്റ്റ് 31ന് ന് മുൻപായി അവസാന വർഷ ഡിഗ്രി ഗ്രേഡ് ഷീറ്റ്, പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. സോഷ്യൽ വർക്ക് അഡ്മിഷൻ ടെസ്റ്റ് വഴിയാണ് പ്രവേശനം. സോഷ്യൽ വർക്കിൽ ബിരുദം നേടിയവർക്ക് പ്രവേശന പരീക്ഷയുടെ മാർക്കിൽ 10 ശതമാനം വെയ്റ്റേജ് ലഭിക്കും. പ്രവേശന പരീക്ഷകൾ മേയ് അഞ്ച് മുതൽ 11 വരെ, സർവകലാശാലയുടെ മുഖ്യക്യാമ്പസിലും പ്രാദേശിക കാമ്പസുകളിലും നടത്തും. മേയ് 21ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 22. പ്രവേശന പരീക്ഷ ഫീസ് ഓൺലൈനായി അടയ്ക്കാം. വിവരങ്ങൾക്കും ഓൺലൈനിൽ അപേക്ഷിക്കുന്നതിനും www.ssus.ac.in വെബ്സൈറ്റ് കാണുക.