rema

തിരുവനന്തപുരം: ചലച്ചിത്ര താരം ജഗദീഷിന്റെ ഭാര്യയും പ്രശസ്ത ഫോറൻസിക് വിദഗ്ദ്ധയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മുൻ മേധാവിയുമായ ഡോ. പി. രമ (61)​ അന്തരിച്ചു.

തലച്ചോറിനെയും നാഡികളെയും ബാധിക്കുന്ന മോട്ടോർ ന്യൂറോൺ രോഗത്തെ തുടർന്ന് രണ്ട് വർഷത്തോളമായി കരമന, കാലടിയിലെ ശ്രീ എന്ന വീട്ടിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ 8 മണിയോടെ രോഗം മൂർച്ഛിക്കുകയും ശ്വാസതടസം അനുഭവപ്പെടുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. മരണ സമയത്ത് ജഗദീഷ് അടുത്തുണ്ടായിരുന്നു. സംസ്‌കാരം ഇന്നലെ വൈകിട്ട് നാല് മണിക്ക് ശാന്തികവാടത്തിൽ നടന്നു.

കാലടി ഗവൺമെന്റ് ഹൈസ്‌കൂളിലും നീറമൺകര വിമെൻസ് കോളേജിലും പഠിച്ച രമ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നാണ് എം.ബി.ബി.എസും എം.ഡിയും പാസായത്. 1985ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചു. നാലുവർഷം ആലപ്പുഴ മെഡിക്കൽ കോളേജിലും ഫോറൻസിക് വിഭാഗം മേധാവിയായിരുന്നു. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഫോറൻസിക് വിഭാഗം ധോവിയായി മടങ്ങിയെത്തി. അനാരോഗ്യത്തെ തുടർന്ന് 2019ൽ സ്വയം വിരമിച്ചു.

വർക്കല സലിം വധക്കേസ്, മേരിക്കുട്ടി കൊലക്കേസ്,​ അഭയ കൊലക്കേസ് തുടങ്ങി നിരവധി കേസുകളിൽ നിർണായകമായ കണ്ടെത്തലുകൾ നടത്തിയത് രമയുടെ നേതൃത്വത്തിലായിരുന്നു.

മക്കൾ: ഡോ. രമ്യ (പ്രൊഫസർ ചെന്നൈ മെഡിക്കൽ കോളജ്), ഡോ. സൗമ്യ ജഗദീഷ് (സൈക്യാട്രിസ്റ്റ്, പേരൂർക്കട മാനസികാരോഗ്യ കേന്ദ്രം). മരുമക്കൾ: ഡോ. നരേന്ദ്രൻ നയ്യാർ (തമിഴ്‌നാട് കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥൻ), ഡോ. പ്രവീൺ പണിക്കർ (ന്യൂറോ സർജൻ).

മന്ത്രി വി. ശിവൻകുട്ടി,​ വി.കെ. പ്രശാന്ത് എം.എൽ.എ,​ ഉമ്മൻചാണ്ടി,​ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ,​ നടൻ മണിയൻപിള്ള രാജു,​ പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.