ചികിത്സയ്ക്കു പണം കണ്ടെത്താനാകാതെ വലയുന്ന സാധാരണക്കാരെ സഹായിക്കാൻ വേണ്ടി ധനകാര്യമന്ത്രിയായിരുന്ന കെ.എം. മാണി കൊണ്ടുവന്ന 'കാരുണ്യ" പദ്ധതി അടുത്തവർഷം മാർച്ച് 31 വരെ ദീർഘിപ്പിക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണ്. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും നിലവിൽ ഏതെങ്കിലും ഇൻഷ്വറൻസ് പരിരക്ഷയുണ്ട്. അതുപോലെ സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കും കുറഞ്ഞ വരുമാനക്കാർക്കും സർക്കാർ വക സൗജന്യ ചികിത്സാ പദ്ധതി പ്രാബല്യത്തിലുണ്ട്. അതേസമയം ഇതിലൊന്നും ഉൾപ്പെടാത്ത അനവധി കുടുംബങ്ങളും ഇവിടെയുണ്ട്. അവരെ സഹായിക്കാൻ വേണ്ടി തുടങ്ങിയതാണ് കാരുണ്യ സഹായ പദ്ധതി. ഹൃദ്രോഗം, വൃക്കരോഗം, കരൾരോഗം തുടങ്ങി ഗുരുതര രോഗങ്ങൾക്ക് ശസ്‌ത്രക്രിയയും ചികിത്സയും വേണ്ടിവരുന്ന സാധാരണക്കാർക്ക് രണ്ടുലക്ഷം രൂപവരെ ചികിത്സാചെലവ് നൽകുന്ന മാതൃകാപരമായ പദ്ധതിയെന്ന നിലയ്ക്കാണ് 'കാരുണ്യ" ദേശീയ തലത്തിൽത്തന്നെ ശ്രദ്ധേയമായത്. വൃക്കമാറ്റൽ തുടങ്ങിയ ചെലവേറിയ ശസ്ത്രക്രിയയ്ക്കു വിധേയരാകുന്നവർക്കു മൂന്നുലക്ഷം രൂപവരെ സഹായം നൽകാനും കാരുണ്യ പദ്ധതിയിൽ വ്യവസ്ഥയുണ്ട്.
കാരുണ്യ സഹായനിധിയിലേക്ക് തുടക്കത്തിൽ ഭാഗ്യക്കുറിയിൽ നിന്നുള്ള വരുമാനമാണ് ഉപയോഗപ്പെടുത്തിയിരുന്നത്. യശഃശരീരനായ കെ.എം. മാണി ഇതിനായി കാരുണ്യ എന്ന പേരിൽ പ്രത്യേക ഭാഗ്യക്കുറി പോലും ആവിഷ്കരിച്ചു നടപ്പാക്കിയിരുന്നു. മന്ത്രി പിന്നീട് മാറിയെങ്കിലും കാരുണ്യ പദ്ധതിയുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നാണു ഇപ്പോഴും അത് ദീർഘിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് എടുത്തുകാണിക്കുന്നത്. സാധാരണ കുടുംബങ്ങൾക്കായി ഇതിനിടയിൽ നിലവിൽ വന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളിൽ ഉൾപ്പെടാത്തവർക്കായി അത് ഇനിയും നിലനിറുത്തേണ്ടതിന്റെ അനിവാര്യത സർക്കാരിനും ബോദ്ധ്യമായിട്ടുണ്ട്. പദ്ധതി സംസ്ഥാന ഹെൽത്ത് ഏജൻസി ഏറ്റെടുത്ത ശേഷവും രണ്ടുകോടിയോളം പേർക്ക് 'കാരുണ്യ" വഴിയുള്ള സഹായം ലഭിച്ചിട്ടുണ്ടെന്നാണു കണക്ക്. പദ്ധതി എത്രമാത്രം ജനോപകാരപ്രദമാണെന്ന് ഈ കണക്ക് തെളിയിക്കുന്നു. 110 കോടി രൂപയാണ് ചികിത്സാ സഹായമായി നൽകിയത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴിയും കാരുണ്യ സഹായഫണ്ട് വഴിയും അറുനൂറ്റി അൻപതോളം ആശുപത്രികൾ സൗജന്യ ചികിത്സാ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
'കാരുണ്യ" സംസ്ഥാന ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ലയിപ്പിച്ച് ഒരൊറ്റ പദ്ധതിയാക്കാൻ കുറെനാളായി ശ്രമം നടക്കുകയാണ്. എന്നാൽ ഇതുവരെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയുന്നില്ല. ഇടക്കാലത്ത് 'കാരുണ്യ" പദ്ധതി വഴിയുള്ള സഹായ വിതരണത്തിന് കാലതാമസം നേരിടുകയും ചെയ്തു.
രാജ്യത്തിനു തന്നെ മാതൃകയായി വിശേഷിപ്പിക്കപ്പെടുന്ന 'കാരുണ്യ" അതേപടി നിലനിറുത്തുന്ന കാര്യം ആലോചിക്കാവുന്നതാണ്. പ്രത്യേകയിനം രോഗചികിത്സാ ചെലവ് ഉദ്ദേശിച്ചാണ് ഈ പദ്ധതി ആവിഷ്കരിച്ചത്. അതിനു വേണ്ടിയുള്ള സഹായനിധി രൂപീകരണത്തിന് പ്രത്യേക വഴിയും കണ്ടെത്തിയിരുന്നു. മറ്റു പദ്ധതികളുമായി കൂട്ടിക്കുഴയ്ക്കാതെ 'കാരുണ്യ" സ്വന്തം അസ്തിത്വത്തിൽ നിലനിൽക്കുന്നതുകൊണ്ട് അപകടമൊന്നും വരാനില്ല.
ചികിത്സാചെലവുകൾ മാനംമുട്ടെ ഉയർന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് കാരുണ്യ വഴിയുള്ള രണ്ടുലക്ഷം രൂപയോ കുടുംബത്തിന് ഒന്നാകെ നൽകുന്ന അഞ്ചുലക്ഷത്തിന്റെ ചികിത്സാ ആനുകൂല്യമോ വലിയ കാര്യമൊന്നുമല്ല. അത്രയേറെയാണ് ചെറിയൊരു രോഗത്തിനു പോലുമുള്ള ചികിത്സാച്ചെലവ്. നൽകാത്ത ചികിത്സയുടെ പേരിൽ ബില്ലുകൾ പടച്ച് ഇൻഷ്വറൻസ് കമ്പനികളെ കബളിപ്പിക്കുന്ന ആശുപത്രികൾ ഇവിടെ ധാരാളമുണ്ടായിരുന്നു. അതിനു പൂട്ടുവീണപ്പോഴാണ് സ്വകാര്യ ആശുപത്രികളിൽ കുറെയെണ്ണം സർക്കാരിന്റെ ആരോഗ്യപദ്ധതിയിൽ ഉൾപ്പെടാതെ മാറിനിന്നത്. സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങൾ പരമാവധി മെച്ചപ്പെടുത്തുക മാത്രമാണ് സാധാരണക്കാരെ സഹായിക്കാനുള്ള മാർഗം.