cpm-and-cpi

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചന നടത്തിയത് 1967ൽ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസാണെന്ന് തുറന്നടിച്ച് സി.പി.ഐയുടെ മുഖ മാസിക 'നവയുഗം'. സി.പി.എം വാരികയായ 'ചിന്ത'യിലൂടെ നടത്തിയ പരിഹാസത്തിനുള്ള മറുപടിയായാണ് സി.പി.ഐ മാസികയുടെ കടന്നാക്രമണം.

67ൽ മന്ത്രിമാരായിരുന്ന എം.എൻ. ഗോവിന്ദൻ നായർക്കും ടി.വി. തോമസിനുമെതിരായ അഴിമതിയാരോപണത്തിന് പിന്നിൽ സി.പി.എമ്മായിരുന്നു. ദീർഘകാലം കൂടെ പ്രവർത്തിച്ച സ്വന്തം സഖാക്കളെ പ്രതിക്കൂട്ടിൽ നിറുത്താൻ ഇ.എം.എസിനെ നയിച്ച ചേതോവികാരം അജ്ഞാതമാണെന്നും വിജയൻ എന്ന ലേഖകന്റെ പേരിൽ പ്രസിദ്ധീകരിച്ച 'തിരിഞ്ഞുകൊത്തുന്ന നുണകൾ' എന്ന ലേഖനപരമ്പരയുടെ രണ്ടാം ഭാഗത്തിൽ പറയുന്നു.

അന്ന് ഭരണം കിട്ടാൻ കാരണം സി.പി.ഐ

 സി.പി.ഐ 1978ൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ രൂപീകരിക്കണമെന്ന തീരുമാനമെടുത്തത് കൊണ്ടല്ലേ സി.പി.എമ്മിന് 80ൽ ഭരണത്തിലേറാനായത്?. ഒരു ദശാബ്ദക്കാലം ഭരണത്തിന് പുറത്ത് നിന്നുപോയത് ഓർക്കുന്നത് നല്ലതാണ്.

 1980ൽ സി.പി.ഐ- സി.പി.എം അഖിലേന്ത്യാ കോ-ഓർഡിനേഷൻ കമ്മിറ്റിയിൽ വിദേശ മൂലധനം ബംഗാളിൽ വമ്പിച്ച പ്രത്യാഘാതങ്ങൾക്ക് വഴി വയ്ക്കുമെന്ന് സി.പി.ഐ ജനറൽസെക്രട്ടറി സി.രാജേശ്വരറാവു മുന്നറിയിപ്പ് നൽകി. അത് മുഖവിലയ്ക്കെടുക്കാതിരുന്നതിന്റെ പരിസമാപ്തിയാണ് നന്ദിഗ്രാം.

പിളർപ്പ് ദുരന്തം

 1960ൽ വിമോചനസമരത്തെ തുടർന്നുള്ള തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച കമ്യൂണിസ്റ്റ് പാർട്ടിക്ക് കിട്ടിയത് 43.8 ശതമാനം വോട്ടാണ്. 1965ൽ ഭിന്നിച്ച ശേഷം രണ്ട് കമ്യൂണിസ്റ്റ് പാർട്ടിക്കും കൂടി കിട്ടിയത് 27.98 ശതമാനം.

 1967ലെ മുന്നണി ഭരണത്തിന് മുമ്പായി 65 സെപ്റ്റംബർ 15ന് ഐക്യമുന്നണി കോ-ഓർഡിനേഷൻ കമ്മിറ്റി അംഗീകരിച്ച ആദ്യപരിപാടിയാണ് 1964ൽ കോൺഗ്രസ് കൊണ്ടുവന്ന ഭൂനിയമ ഭേദഗതി പരിഷ്കരിച്ചുള്ള ഭൂനിയമം .ഒന്നരക്കൊല്ലമെടുത്തു ഭൂനിയമം കൊണ്ടുവരാൻ. അത് നടപ്പാക്കാൻ ഇ.എം.എസ് സർക്കാരിനായില്ല.

 എം.എൻ ആവിഷ്കരിച്ച ഭവനനിർമാണ പദ്ധതിക്ക് പണമനുവദിക്കാത്ത സർക്കാർ, കള്ളുഷാപ്പ് കോൺട്രാക്ടർമാർക്ക് രണ്ടരക്കോടിയുടെ നികുതിയിളവ് അനുവദിച്ചു. ഭൂപ്രഭുക്കന്മാരിൽ നിന്ന് മിച്ചം വരുന്ന നെല്ല് സംഭരണം നടപ്പായില്ല. പാലക്കാട് ധനിക കൃഷിക്കാരുടെയും മുരിക്കനെപ്പോലുള്ള ഭൂപ്രഭുക്കന്മാരുടെയും സമ്മർദ്ദത്തിന് സർക്കാർ വഴങ്ങിയതാണെന്ന് ആരോപണമുയർന്നു

അച്ചുതമേനോനെ മായ്ക്കാൻ ശ്രമം

സി. അച്ചുതമേനോന്റെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സർക്കാർ 1970 ജനുവരി ഒന്നിന് പ്രാബല്യത്തിൽ

വരുത്തിയ ഭൂപരിഷ്കരണ നിയമമാണ് കേരളത്തിൽ ജന്മിത്വമവസാനിപ്പിച്ചത്. അച്ചുതമേനോനാണ് ജനമനസ്സിൽ കേരളം കണ്ട സമാദരണീയനായ മുഖ്യമന്ത്രി. അദ്ദേഹത്തെ ചരിത്രത്തിൽ നിന്ന് മായ്ക്കാൻ സി.പി.എം ശ്രമിക്കുന്നു.

 കേരളത്തിൽ മാവോയിസത്തിന്റെ പേരിൽ ഒമ്പത് പേരെയാണ് വ്യാജ ഏറ്റുമുട്ടലിൽ കൊന്നത്. രാജൻ സംഭവത്തിന്റെ പേരിൽ അച്ചുതമേനോനെ വിമർശിക്കുന്നവർക്ക് മാവോയിസ്റ്റുകളെ കൊന്നതിന്റെ പേരിൽ ഇപ്പോഴത്തെ മുഖ്യമന്ത്രിയെ അധിക്ഷേപിക്കാനാകുമോ?

 അടിയന്തരാവസ്ഥയെ എതിർക്കാനെന്ന പേരിൽ സി.പി.എമ്മുണ്ടാക്കിയ കൂട്ടുകെട്ടുകളെ വിമർശിച്ച് ജനറൽ സെക്രട്ടറിയായിരുന്ന പി. സുന്ദരയ്യ എഴുതിയ കത്ത് ചർച്ച ചെയ്യാൻ പി.ബിയോ കേന്ദ്രകമ്മിറ്റിയോ തയ്യാറായില്ല.