
ഇന്ത്യയ്ക്ക് കൊവിഡ് ഏല്പിച്ച പ്രഹരം വളരെ കടുത്തതാണ്. ആരോഗ്യപ്രതിസന്ധിക്കൊപ്പം തൊഴിലില്ലായ്മ, തൊഴിൽനഷ്ടം, പണപ്പെരുപ്പം, വിലക്കയറ്റം, ദാരിദ്ര്യം, പട്ടിണി തുടങ്ങിയ പ്രശ്നങ്ങളും. സാമ്പത്തിക മാന്ദ്യം മറികടക്കാനെന്ന പേരിൽ കേന്ദ്രം കൊണ്ടുവന്ന സാമ്പത്തിക ഉത്തേജക പാക്കേജുകൾ കോർപ്പറേറ്റുകളുടെ വരുമാനനഷ്ടം നികത്താനാണ് ഉപകരിച്ചത്.
29 തൊഴിൽ നിയമങ്ങൾ സംയോജിപ്പിച്ച് നാല് ലേബർ കോഡുകൾക്ക് രൂപംനൽകി. കൊവിഡ് കാലത്ത് പാസാക്കിയ കാർഷിക നിയമങ്ങൾ, ഉപജീവനത്തിനായി ഭൂരിപക്ഷവും ആശ്രയിക്കുന്ന കാർഷികമേഖല പൂർണമായും കോർപ്പറേറ്റുകൾക്ക് തീറെഴുതുന്നതും ഭക്ഷ്യസുരക്ഷയെ അപകടപ്പെടുത്തുന്നതുമായിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്പനയിലൂടെ 1.75 ലക്ഷം കോടി രൂപ 2021-22 വർഷം സമാഹരിക്കുമെന്നാണ് കേന്ദ്രം അവകാശപ്പെട്ടതെങ്കിലും 12,423 കോടിയാണ് സമാഹരിക്കാനായത്.
കേന്ദ്രത്തിന്റെ നവലിബറൽ നയങ്ങളുടെ കടന്നാക്രമണം രൂക്ഷമായി ഏറ്റുവാങ്ങിയ മേഖലയാണ് സിവിൽ സർവീസ്. നിയമന നിരോധനം ഏർപ്പെടുത്തിയും തസ്തിക വെട്ടിക്കുറച്ചും കരാർ-കാഷ്വൽ നിയമനങ്ങൾ മാത്രം നടത്തിയും സിവിൽ സർവീസിന്റെ ഘടനയെത്തന്നെ തകർത്തു. കേന്ദ്ര സർവീസിൽ മാത്രം എട്ട് ലക്ഷത്തിലേറെ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു. ജോയിന്റ് സെക്രട്ടറി, ഡയറക്ടർ തുടങ്ങിയ ഉന്നത തസ്തികകളിൽ പോലും കരാർ നിയമനങ്ങളാണ്. സിവിൽ സർവീസിലെ ഏറ്റവും വലിയ ആകർഷണീയതയായിരുന്ന പഴയ പെൻഷൻ പദ്ധതി നിറുത്തലാക്കി പങ്കാളിത്ത പെൻഷൻ നടപ്പിലാക്കി. 80 ലക്ഷത്തോളം കേന്ദ്ര-സംസ്ഥാന ജീവനക്കാർ ഉൾപ്പടെ ഒന്നരക്കോടി പേർ പങ്കാളിത്തപെൻഷൻ പദ്ധതിയിൽ അംഗങ്ങളാണ്.
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ കോർപ്പറേറ്റ് പ്രീണന നവലിബറൽ നയങ്ങൾക്ക് ബദലായി സമൂഹത്തിലെ സർവ വിഭാഗങ്ങൾക്കും ക്ഷേമവും വികസനവും ഉറപ്പാക്കുന്ന ജനപക്ഷനയങ്ങളാണ് കേരളത്തിൽ എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കുന്നത്. 1.62 ലക്ഷം പേർക്ക് പി.എസ്.സി വഴി നിയമനം നൽകി. മുപ്പതിനായിരത്തിലധികം പുതിയ തസ്തികകൾ സൃഷ്ടിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമായി പുതിയ വകുപ്പ് രൂപീകരിച്ചു. കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്, തദ്ദേശസ്വയംഭരണ പൊതുസർവീസ് എന്നിവ യാഥാർത്ഥ്യമാക്കാനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. 11-ാം ശമ്പളപരിഷ്‌കരണം നടപ്പിലാക്കി.
വികസന ക്ഷേമപരിപാടികളുടെ വിപുലീകരണത്തിനൊപ്പം സംസ്ഥാനം നേരിടുന്ന തൊഴിലില്ലായ്മ, ഉത്പാദനമുരടിപ്പ് തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവശ്യമായ കർമ്മപദ്ധതി രണ്ടാം പിണറായി സർക്കാർ മുന്നോട്ടു വച്ചിരിക്കുകയാണ്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ 20 ലക്ഷം ഉൾപ്പടെ 40 ലക്ഷം തൊഴിലവസരങ്ങൾ ലക്ഷ്യമിടുന്നു.
കേരളത്തിൽ സിവിൽ സർവീസ് സംരക്ഷിക്കപ്പെടുന്നത് ഇടതു സർക്കാരിന്റെ ജനപക്ഷനയങ്ങളുടെ കരുതൽകൊണ്ടാണ്. സർക്കാരിന്റെ പ്രവർത്തനങ്ങൾ വിജയിപ്പിച്ച് ശക്തിപ്പെടുത്തേണ്ടത് സിവിൽസർവീസിന്റെ നിലനിൽപ്പിനും ജീവനക്കാരുടെ സുരക്ഷയ്ക്കും അത്യാവശ്യമാണ്. തൊഴിൽ മേഖലയുടെ സംരക്ഷണമുറപ്പാക്കാൻ കാര്യക്ഷമവും ഫലപ്രദവുമായ കർത്തവ്യ നിർവഹണം സുപ്രധാനമാണെന്ന തിരിച്ചറിവോടെ ഇടപെടുന്ന സംഘടനയാണ് കേരള എൻ.ജി.ഒ യൂണിയൻ.
അവകാശ സംരക്ഷണത്തിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, തൊഴിൽപരമായ ഉത്തരവാദിത്വം കുറ്റമറ്റ രീതിയിൽ നിർവഹിക്കാൻ ജീവനക്കാരെ പ്രാപ്തരാക്കൽ എന്നീ ലക്ഷ്യങ്ങൾക്കൊപ്പം പാർശ്വവത്കൃത സമൂഹത്തിന് പ്രയോജനപ്പെടുന്ന നിരവധി പ്രവർത്തനങ്ങൾ സംഘടന ഏറ്റെടുത്തുവരികയാണ്. സമ്പൂർണ സാക്ഷരതാ യജ്ഞം, ജനകീയാസൂത്രണം, മാനവീയം തുടങ്ങിയ വിദ്യാഭ്യാസ, വികസന, സാംസ്‌കാരിക ദൗത്യങ്ങളിൽ സക്രിയമായി ഇടപെടാനും സംഘടനയ്ക്കായി. 15 ജില്ലാ കമ്മിറ്റികളുടെയും നേതൃത്വത്തിൽ പാർശ്വവത്കൃത ജനങ്ങൾ അധിവസിക്കുന്ന പ്രദേശങ്ങൾ ഏറ്റെടുത്ത് വികസന-ക്ഷേമ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
സംസ്ഥാന സിവിൽ സർവീസിന് കൈവന്ന നേട്ടങ്ങളിലെല്ലാം കേരള എൻ.ജി.ഒ യൂണിയന്റെ കൈയൊപ്പുണ്ട്. സിവിൽ സർവീസിനെ തകർക്കുന്ന കമ്പോള നയങ്ങൾക്കെതിരെ കരുത്തുറ്റ സമരങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട്. വെല്ലുവിളികളെയെല്ലാം നേരിട്ട് ബദൽ നയങ്ങളെ സംരക്ഷിക്കാനുള്ള ചർച്ചകളും തീരുമാനങ്ങളുമാകും 58-ാം സംസ്ഥാന സമ്മേളനത്തിലുണ്ടാവുക.
( ലേഖകൻ എൻ.ജി.ഒ യൂണിയൻ ജനറൽ സെക്രട്ടറിയാണ് )