nithin

തിരുവനന്തപുരം: മേനംകുളത്തെ സ്വകാര്യ ഫ്ലാറ്റിൽ 2-1ഇയിൽ ഇന്നൊരു പിറന്നാൾ ദിനമാണ്. ഐ.ടി പ്രൊഫഷണലുകളായ സന്ദീപിന്റെയും പ്രിയയുടെയും മകൻ നിതിന്റെ 13-ാം പിറന്നാൾ. ഓട്ടിസം തളർത്തുന്നുണ്ടെങ്കിലും നിതിന്റെ മനസു നിറയെ സ്വപ്നങ്ങളാണ്. വലുതാകുമ്പോൾ ആരാകണമെന്ന് ചോദിച്ചാൽ സയന്റിസ്റ്റാകണമെന്നാണ് നിതിന്റെ ഉത്തരം. ഓട്ടിസം സംഭവിക്കാനുള്ള യഥാർത്ഥ പ്രശ്നം എന്താണെന്ന് തിരിച്ചറിയണം. അതേക്കുറിച്ച് ഗവേഷണം നടത്തണം.

ഇരിക്കാനും നടക്കാനും സംസാരിക്കാനും ബുദ്ധിമുട്ടുന്ന രണ്ടരവയസുകാരനിൽ നിന്ന് എല്ലാവിഷയങ്ങളോടും പ്രതികരിക്കുന്ന പതിമൂന്നുകാരനിലേക്ക് നിതിൻ വളർന്നതിനു പിന്നിൽ പ്രിയയുടെയും സന്ദീപിന്റെയും ശക്തമായ കാഴ്ചപ്പാടുകളാണ്.

മോനു എന്നു വിളിക്കുന്ന നിതിന് ഓട്ടിസമുണ്ടെന്ന് തിരിച്ചറിഞ്ഞത് രണ്ടര വയസിലാണ്. പ്രിയയും സന്ദീപും അന്ന് ചെന്നൈയിൽ സോഫ്റ്റ് വെയർ എൻജിനിയർമാരായിരുന്നു. അസുഖവിവരം ഇരുവരെയും തളർത്തിയെങ്കിലും മകനെ ചികിത്സിച്ച് ഭേദമാക്കുന്നതിന് ഇരുവരും പ്രാധാന്യം നൽകി. അങ്ങനെ സ്വദേശമായ തിരുവനന്തപുരത്തേക്ക് മടങ്ങി. ചികിത്സയിൽ കുഞ്ഞിന് സംസാരിക്കാൻ ബുദ്ധിമുട്ടാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് ചികിത്സയ്‌ക്കായി ബംഗളൂരുവിലേക്ക് കൊണ്ടുപോയി.

ചികിത്സയ്‌ക്കിടെ അക്ഷരങ്ങളുടെ ലോകത്തേക്ക്

ബംഗളൂരു വൈദേഹി സ്‌പെഷ്യൽ സ്‌കൂളിലെ ചികിത്സയ്‌ക്കിടെയാണ് നിതിൽ അക്ഷര ലോകത്തെത്തിയത്. തുടർന്ന് തെറാപ്പി ചികിത്സകൾ നൽകി. അക്ഷരങ്ങളോട് കൂട്ടുകൂടാൻ ടൈപ്പിംഗ് ടൂളാണുപയോഗിച്ചത്. അതിനിടെ പതിയെ പതിയെ അമ്മാ, അച്ഛാ, പോകാം തുടങ്ങിയ കുഞ്ഞു വാക്കുകൾ പറയാൻ തുടങ്ങി. മറ്റു കുട്ടികളുമായി കൂട്ടുകൂടാനും കളിക്കാനും നിതിന് ഇഷ്ടമാണ്. എന്നാൽ, ചില സമയങ്ങളിൽ ശബ്ദം വലിയ പ്രശ്നമുണ്ടാക്കും.