
യുക്രെയ്‌ൻ ബന്ധം വിവിധ രാജ്യങ്ങളുടെ ബന്ധങ്ങളിലും ലോകക്രമത്തിലും പല മാറ്റങ്ങൾക്കും ഇടയാക്കിയിരിക്കുകയാണ്. ലോകത്തെ എല്ലാ ജനാധിപത്യ രാജ്യങ്ങളും യുദ്ധത്തെ എതിർക്കുകയാണെന്ന് പറയുന്ന അമേരിക്കയ്ക്ക് ഇന്ത്യയുടെ നിലപാടിനോട് അത്ര താത്പര്യമില്ല. അതേസമയം പക്ഷംപിടിക്കാതെ അതിശക്തമായ നിലപാടാണ് ഇന്ത്യയുടേത്. ഇന്ത്യയെ സംബന്ധിച്ച് റഷ്യ ആപത് ബന്ധു കൂടിയാണ്. റഷ്യയ്ക്കെതിരെ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും സ്വീകരിച്ചിരിക്കുന്ന അതേ നിലപാട് ഇന്ത്യയ്ക്ക് സ്വീകരിക്കാനാവില്ല. പാശ്ചാത്യശക്തികൾക്ക് എപ്പോഴും അവരുടേതായ നിക്ഷിപ്ത താത്‌പര്യങ്ങളുണ്ട്. ഇറാഖിന്റെ മുൻ പ്രസിഡന്റ് സദ്ദാംഹുസൈനെ അട്ടിമറിക്കുന്നതിന് പ്രധാന കാരണമായി അമേരിക്ക പ്രചരിപ്പിച്ചത് അദ്ദേഹം അണുബോംബ് നിർമ്മാണത്തിന് ചുക്കാൻ പിടിക്കുന്നു എന്നതായിരുന്നു. പക്ഷേ ഇതുവരെ ഇറാഖിൽ അണുബോംബ് നിർമ്മാണത്തിനുള്ള പരീക്ഷണങ്ങൾ നടന്നതിന്റെ തെളിവുകൾ ലോകത്തിനു മുന്നിൽ സമർപ്പിക്കാൻ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടില്ല.
റഷ്യയും അമേരിക്കയും വിവിധ കാരണങ്ങളുടെ പേരിൽ അഫ്‌ഗാനിസ്ഥാനിൽ അധിനിവേശം നടത്തിയവരാണ്. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഒരു രാജ്യത്തിന്റെയും ആഭ്യന്തര വിഷയങ്ങളിൽ അനാവശ്യമായി ഇടപെടാനോ അഭിപ്രായം പറയാനോ മുതിരില്ല. അതേസമയം ആർക്കും അവഗണിക്കാൻ കഴിയാത്ത ലോകശക്തിയായി ജനാധിപത്യത്തിന്റെ കരുത്തിൽ ഇന്ത്യ വളർന്നുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക, പ്രതിരോധ, നയതന്ത്ര തലങ്ങളിലുള്ള ഇന്ത്യയുടെ വളർച്ച കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ പ്രത്യേകിച്ചും അത്‌ഭുതാവഹമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിശ്ചയദാർഢ്യമുള്ള നേതൃപാടവം ഇതിന് ഏറെ സഹായിച്ചു. ലഡാക്കിലെ അതിർത്തി സംഘർഷത്തിന്റെ പേരിൽ ഉരസാൻ വന്ന ചൈനയും ഇന്ത്യ പഴയ ഇന്ത്യയല്ലെന്ന് തിരിച്ചറിഞ്ഞ് മുൻപോട്ട് വച്ച കാൽ പിന്നോട്ട് വലിച്ചിരിക്കുന്ന സന്ദർഭം കൂടിയാണിത്. കഴിഞ്ഞ പത്തുദിവസത്തിനകം ചൈന, റഷ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉന്നത പ്രതിനിധികൾ ഇന്ത്യ സന്ദർശിച്ചുകൊണ്ടിരിക്കുന്നതിൽ നിന്നുതന്നെ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ നയതന്ത്ര പ്രാധാന്യം എത്രത്തോളം ഉയർന്നിരിക്കുന്നു എന്നതാണ് ചൂണ്ടിക്കാട്ടുന്നത്.
റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ അമേരിക്ക കുറ്റപ്പെടുത്തിയപ്പോൾ ഉപരോധം നിലനിൽക്കെ റഷ്യയിൽ നിന്ന് അമേരിക്കയ്ക്ക് യുറേനിയവും യൂറോപ്യൻ യൂണിയന് ഗ്യാസും വാങ്ങാമെങ്കിൽ ഇന്ത്യ എണ്ണ വാങ്ങുന്നതിൽ എന്താണ് തെറ്റെന്നാണ് വിദേശകാര്യമന്ത്രി ജയശങ്കർ തിരിച്ച് ചോദിച്ചത്. ചൈനയിൽ നിന്നുവന്ന വിദേശകാര്യമന്ത്രിക്ക് പ്രധാനമന്ത്രിയെ കാണാനുള്ള അവസരം പോലും ലഭിച്ചില്ല. സംഘർഷം ആദ്യം അവസാനിപ്പിക്കൂ എന്നിട്ടാകാം കൂടുതൽ സൗഹൃദം എന്ന ശക്തമായ സന്ദേശമാണ് ഇന്ത്യ ചൈനയ്ക്ക് നൽകിയത്. ഇതോടെ ലോകക്രമത്തിലെ പ്രബലരായ ഇരുചേരിക്കും ഇന്ത്യയുടെ പിന്തുണ നിർണായകമായി മാറിയിരിക്കുകയാണ്.
റഷ്യയും അമേരിക്കയും ലക്ഷ്യമിടുന്നത് ഇന്ത്യയെ ഒപ്പം കൂട്ടാനാണ്. ഇരു ചേരികളുമായുള്ള വ്യാപാരബന്ധത്തിലും ഇന്ത്യയുടെ സ്ഥാനം അതിശക്തമാണ്. പാകിസ്ഥാനും ചൈനയും ഒഴികെ മറ്റ് അയൽരാജ്യങ്ങളുമായി ഇന്ത്യ വളരെ നല്ല ബന്ധം പുലർത്തുകയും ചെയ്യുന്നു. ലോകത്തിലെ പല തർക്കങ്ങൾക്കും വിശ്വസനീയനായ മദ്ധ്യസ്ഥനാകാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന നിലയാണ് ഇപ്പോഴുള്ളത്. സ്വാതന്ത്ര്യം, അഖണ്ഡത, പുരോഗമനം എന്നിവയ്ക്ക് ഉൗന്നൽ നൽകിക്കൊണ്ട് ഇന്ത്യ കാലങ്ങളായി തുടർന്നുവന്ന വിദേശനയത്തിന്റെ വിജയം കൂടിയാണിത്.