
തിരുവനന്തപുരം: ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളോജിയിൽ ഏപ്രിൽ രണ്ടാം വാരത്തോടെ
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ (കാസ്‌പ്) സൗജന്യ ചികിത്സ നൽകും. ഇതുസംബന്ധിച്ച് ശ്രീ ചിത്രയും സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയും (എസ്.എച്ച്.എ) കരാറിൽ ഒപ്പിട്ടു. കാസ്‌പ് കാർഡില്ലാത്തവർക്ക് കാരുണ്യ ബെനവലന്റ് ഫണ്ടിലൂടെ സൗജന്യ ചികിത്സ ലഭ്യമാകും.
ശ്രീ ചിത്രയിലെ ആരോഗ്യ സുരക്ഷാ പദ്ധതികളിൽ പങ്കാളികളായായിരുന്നെങ്കിലും കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ചികിത്സാപ ദ്ധതികൾ സംയോജിപ്പിച്ച് കാസ്‌പ് ആരംഭിച്ചതോടെ അത് നിലച്ചിരുന്നു. സൗജന്യ ചികിത്സയും മുടങ്ങി. തുടർന്ന് സംസ്ഥാന സർക്കാർ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ശ്രീചിത്രയെ കാസ്‌പിൽ പങ്കാളിയാക്കാൻ തീരുമാനിച്ചത്.
പദ്ധതിക്കായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ കിയോസ്‌ക്ക് ഉടൻ ശ്രീചിത്രയിൽ സ്ഥാപിക്കും. കാസ്‌പിന്റെ നടപടിക്രമങ്ങളെ കുറിച്ച് ശ്രീചിത്രയിലെ ജീവനക്കാർക്ക് പരിശീലനം നൽകും.
അഞ്ച് ലക്ഷത്തിന്റെ സൗജന്യ ചികിത്സ
സംസ്ഥാനത്ത് കാസ്‌പ് കാർഡുള്ള 42 ലക്ഷം കുടുംബങ്ങൾക്ക്
കാസ്‌പിലൂടെ പ്രതിവർഷം ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ
കാസ്‌പിൽ അംഗമല്ലാത്തവരെ കാരുണ്യ ബെനവലെന്റ് ഫണ്ടിൽ (കെ.ബി.എഫ്) ഉൾപ്പെടുത്തും
കെ.ബി.എഫ് സഹായം ലഭിക്കുന്നത് വാർഷിക വരുമാനം മൂന്നു ലക്ഷത്തിൽ താഴെയുള്ളവർക്ക്
കെ.ബി.എഫിലൂടെ കുടുംബത്തിന് 2 ലക്ഷം രൂപയുടെ സഹായം
വൃക്ക മാറ്റിവയ്ക്കുന്നവർക്ക് 3 ലക്ഷം രൂപ
മൂന്നു ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർക്ക് സൗജന്യ ചികിത്സ ലഭിക്കില്ല.
'കാസ്‌പിൽ ശ്രീചിത്ര പങ്കാളിയായതോടെ ചെലവേറിയ ചികിത്സകൾ അനേകം രോഗികൾക്ക് സൗജന്യമായി ലഭിക്കും. വലിയ ആശ്വാസമാണിത്.'
- വീണാ ജോർജ്, ആരോഗ്യമന്ത്രി