എട്ടുവർഷത്തിനുശേഷം മടങ്ങിവരവ്

കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഗോഡ്ഫി സേവ്യർ ബാബു സംവിധാനം ചെയ്യുന്ന എന്താടാ സജി എന്ന ചിത്രത്തിൽ നായിക നിവേദ തോമസ്. 2008ൽ ജയറാമിന്റെയും ഗോപികയുടെയും മകളായി വെറുതേ ഒരു ഭാര്യയിൽ ബാലതാരമായി അഭിനയിച്ചാണ് നിവേദയുടെ അരങ്ങേറ്റം. മദ്ധ്യവേനൽ എന്ന ചിത്രത്തിലും ബാലതാരമായി അഭിനയിച്ചു. ബ്ളെസിയുടെ പ്രണയം സിനിമയിൽ ജയപ്രദയുടെ ചെറുപ്പകാലം അഭിനയിച്ച നിവേദ ചാപ്പകുരിശ്, തട്ടത്തിൻ മറയത്ത് എന്നീ ചിത്രങ്ങളിലും വേഷമിട്ടു. കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ബോബൻ സാമുവേൽ സംവിധാനം ചെയ്ത റൊമാൻസാണ് നിവേദയെ കൂടുതൽ ശ്രദ്ധേയമാക്കിയത്. കുഞ്ചാക്കോ ബോബന്റെ നായികയായിരുന്നു ചിത്രത്തിൽ നിവേദ. മണിരത്നം എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിനൊപ്പം അഭിനയിച്ച നിവേദ എട്ടുവർഷത്തിനുശേഷമാണ് മലയാളത്തിൽ എത്തുന്നത്. തമിഴ്, തെലുങ്ക് സിനിമകളിലും നിവേദ അഭിനയിച്ചിട്ടുണ്ട്. ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിൽ കമൽഹാസന്റെ മകളായി അഭിനയിച്ചു. മോഹൻലാൽ ,വിജയ് ചിത്രമായ ജില്ല ആണ് താരത്തിന്റെ മറ്റൊരു ശ്രദ്ധേയ തമിഴ് സിനിമ. 2019ൽ പുറത്തിറങ്ങിയ രജനികാന്ത് - നയൻതാര ചിത്രം ദർബാർ ആണ് അവസാനം അഭിനയിച്ച തമിഴ് സിനിമ. അതേസമയം തൊടുപുഴയിൽ ചിത്രീകരണം പുരോമിക്കുന്ന എന്താടാ സജി മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥയും സംവിധായകൻ ഗോഡ്ഫിയുടേതാണ്. ജിത്തു ദാമോദറാണ് ഛായാഗ്രഹണം. എഡിറ്റർ: രതീഷ് രാജ്, മ്യൂസിക് വില്യം ഫ്രാൻസിസ്, കലാസംവിധാനം ഷിജി പട്ടണം. വസ്ത്രാലങ്കാരം : സമീറ സനീഷ്. പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് കൊടുങ്ങല്ലൂർ. ആറുവർഷം മുൻപ് ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുകയാണ്.