dd

തിരുവനന്തപുരം: മാലിന്യ സംസ്കരണ പദ്ധതികളിലുണ്ടാകുന്ന വീഴ്ചയും കൃത്യമായ മേൽനോട്ടമില്ലായ്‌മയും കാരണം നഗരത്തിൽ മാലിന്യം കുന്നുകൂടുന്നു. നഗരത്തിലെ ഉറവിട മാലിന്യ സംസ്‌കരണത്തിനായി നഗരസഭ ഏർപ്പെടുത്തിയ കിച്ചൺബിൻ പദ്ധതി നിലച്ചതും പൊതുനിരത്തിൽ മാലിന്യം കുന്നുകൂടുന്നതിന് കാരണമായിട്ടുണ്ട്. ബഡ്‌ജറ്റിൽ പദ്ധതികൾ പ്രഖ്യാപിക്കുമെങ്കിലും ഫലപ്രദമാകുന്നില്ലെന്നാണ് പരാതി.

നഗരത്തിലെ ആളൊഴിഞ്ഞ ഭാഗങ്ങളിലെല്ലാം ഇപ്പോൾ മാലിന്യക്കൂമ്പാരമാണ്. ചാക്കിലും കവറുകളിലുമായി പലരും മാലിന്യം തള്ളുന്നുണ്ട്. നഗരത്തിലെ പ്രധാന ജലാശയങ്ങളിലും മാലിന്യനിക്ഷേപം കൂടിയിട്ടുണ്ട്. പട്ടം, കേശവദാസപുരം, പാളയം, സ്റ്റാച്യു, ജഗതി, കരമന, മുടവൻമുകൾ, തിരുമല, തൃക്കണ്ണാപുരം, ചാക്ക, വഞ്ചിയൂർ തുടങ്ങിയ സ്ഥലങ്ങളിലും ഉൾപ്രദേശങ്ങളിലുമടക്കം മാലിന്യം കുന്നുകൂടുകയാണ്.

കിച്ചൺ ബിൻ

പ്രവർത്തനംനിലച്ചു

ഉറവിട മാലിന്യ സംസ്‌കരണം ശക്തമാക്കുന്നതിനായി സ്ഥാപിച്ച ബയോ കമ്പോസ്റ്റർ കിച്ചൺ ബിന്നുകൾ പ്രവർത്തനരഹിതമായതും മാലിന്യ സംസ്‌കരണത്തിന്റെ താളം തെറ്റിച്ചു. 35,000 കിച്ചൺബിന്നുകൾ 9 കോടി രൂപ മുടക്കി വിതരണം ചെയ്‌തെന്നാണ് കണക്ക്. പരിപാലനം കൃത്യമായി നിരീക്ഷാതെ വന്നതോടെ 1000ൽ താഴെ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. പല കൗൺസിലർമാരുടെയും ഉദ്യോഗസ്ഥരുടെയും വീടുകളിൽ സ്ഥാപിച്ചിരിക്കുന്ന കിച്ചൺബിന്നുകളും പ്രവർത്തനരഹിതമാണ്.

ആകെ 35,000 കിച്ചൺബിന്നുകൾ - 9 കോടി രൂപ

ഏകോപനമില്ല

സ്വകാര്യ ഏ‌ജൻസികൾക്കാണ് ഇപ്പോൾ ഭൂരിഭാഗം വീട്ടുകാരും മാലിന്യം നൽകുന്നത്. പ്ളാസ്റ്റിക്ക് പോലുള്ള മാലിന്യം ഹരിതകർമ്മസേന വഴിയുമാണ് ശേഖരിക്കുന്നത്. ഒരു ഏജൻസിക്ക് മൂന്ന് വാർഡ് എന്ന കണക്കിനാണ് സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽ നിന്ന് മാലിന്യശേഖരണത്തിന് അനുമതി നൽകിയിരിക്കുന്നത്.
ഇപ്പോൾ കിച്ചൺബിൻ വീട്ടിൽ സ്ഥാപിച്ചവരും ഏജൻസികൾക്ക് മാലിന്യം നൽകുകയാണ്. ഈ മാലിന്യം പന്നിഫാമുകൾക്ക് നൽകുകയും ബാക്കിവരുന്നത് മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുകയുമാണ് പതിവ്. ഈ വാർഡുകളിൽ ഹരിതകർമ്മസേനയുടെ പ്രവർത്തനവും അനൗദ്യോഗികമായാണ് നടക്കുന്നത്. സർവീസിംഗും പരിപാലനവും നഗരസഭയിൽ നിന്ന് ലഭിക്കാതെ വന്നതോടെ കിച്ചൺബിന്നുകളിൽ ഭൂരിഭാഗവും പ്രവർത്തനരഹിതമായി. നിലവിൽ 12 ഏജൻസികൾ നഗരത്തിലുണ്ടെന്നാണ് വിശദീകരണം.

സ്വകാര്യ ഏജൻസികൾക്ക് മാനദണ്ഡം

പുതുക്കുന്നത് നിലച്ചു

നഗരത്തിൽ മാലിന്യം ശേഖരിക്കുന്ന സ്വകാര്യ ഏജൻസികൾക്കുള്ള പുതിയ മാനദണ്ഡം വരുന്നതും നിലച്ചു. പല ഏജൻസികളും വീടുകളിൽ നിന്ന് മാലിന്യം ശേഖരിച്ച് പൊതുയിടങ്ങളിലും ജലാശയങ്ങളിലും തള്ളുന്നത് പതിവായപ്പോഴാണ് മാനദണ്ഡം കൊണ്ടുവരാൻ തീരുമാനിച്ചതെങ്കിലും തുടർനടപടിയുണ്ടായില്ല. മാലിന്യ സംസ്‌കരണ പദ്ധതികൾ നടപ്പാക്കുന്നതിൽ ഹെൽത്ത് ചെയർപേഴ്സണും മേയറും രണ്ട് തട്ടിലാണെന്ന് ആക്ഷേപമുണ്ട്.