
തിരുവനന്തപുരം: നിലവിലെ വൈദ്യുതി നിരക്ക് പുതിയ നിരക്ക് നിലവിൽ വരുന്നതു വരെയോ അല്ലെങ്കിൽ ജൂൺ 30 വരെയോ നീട്ടിയതായി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ചെയർമാൻ പ്രേമൻ ദിനരാജ്, മെമ്പർ എ.ജെ.വിൽസൺ എന്നിവർ അറിയിച്ചു. കെ.എസ്.ഇ.ബിക്കും മറ്റ് വിതരണ ലൈസൻസികൾക്കും ഇത് ബാധകമായിരിക്കും.
2019 ജൂലായ് 19ന് നിശ്ചയിച്ചതാണ് നിലവിലെ നിരക്ക്. അതിന്റെ കാലാവധി 2020 മാർച്ച് 31ന് തീർന്നു.തുടർന്ന് രണ്ടു വർഷത്തേക്ക് കൂടി നീട്ടി. ആ കാലാവധിയും വ്യാഴാഴ്ച പൂർത്തിയായി. തുടർന്നാണ് പുതിയ ഉത്തരവിറക്കിയത്. പുതിയ നിരക്ക് നിശ്ചയിക്കാൻ കെ.എസ്.ഇ.ബി ഫെബ്രുവരി 10ന് അപേക്ഷ നൽകി. അതോടൊപ്പം ഇതു വരെയുള്ള നഷ്ടവും 2027വരെ പ്രതീക്ഷിക്കുന്ന വരവ് ചെലവുകളുടെ കണക്കുകളും നൽകി. അത് പരിശോധിച്ച് ഏപ്രിൽ ഒന്നിന് എറണാകുളത്തനും, ആറിന് തിരുവനന്തപുരത്തും, 11ന് കോഴിക്കോട്ടും,13ന് പാലക്കാട്ടും പൊതുജനങ്ങളിൽ നിന്ന് കമ്മിഷൻ തെളിവെടുക്കും. അതിന്റെ അടിസ്ഥാനത്തിലാവും പുതിയ നിരക്ക് നിശ്ചയിക്കുക. അതിന് മുൻകാലപ്രാബല്യമുണ്ടാവില്ല.