sonia

തിരുവനന്തപുരം: സിനിമാ-സീരിയൽ താരവും തിരുവനന്തപുരം പെരുകാവ് സ്വദേശിയുമായ എസ്.ആർ. സോണിയ ഇനി മുൻസിഫ് മജിസ്‌ട്രേറ്റ്. മുൻ ഗവ.പ്ലീഡർ അഡ്വ. എ. സന്തോഷ് കുമാറിന്റെ ജൂനിയറായി വഞ്ചിയൂർ കോടതിയിൽ പ്രാക്‌‌ടീസ് ചെയ്യവേയാണ് മുൻസിഫ് മജിസ്‌ട്രേറ്റായുളള നിയമനം. പ്ലസ്‌ ടു പഠനകാലത്ത് ടെലിവിഷൻ അവതാരകയായി രംഗത്തുവന്ന സോണിയ ബിരുദ പഠനത്തിനൊപ്പമാണ് സിനിമയിലും സജീവമായത്. അത്ഭുതദ്വീപ്, മൈ ബോസ്‌, ലോകനാഥൻ ഐ.എ.എസ്‌ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷം ചെയ്‌തു. 'വാടകയ്‌ക്ക് ഒരു ഹൃദയം' എന്ന പരമ്പരയിലൂടെ ടെലിവിഷൻ സീരിയലുകളിലും തിരക്കുളള നടിയായി മാറി. അമ്മ, ആകാശദൂത്, സ്വാമിയെ ശരണമയ്യപ്പ തുടങ്ങി അനവധി സീരിയലുകളിൽ വേഷമിട്ടു.

സിനിമയിലും സീരിയലിലും സജീവമായി നിൽക്കെ 2014ൽ ഇരുപത്തിയേഴാം വയസിലാണ് സോണിയ വീണ്ടും പഠനത്തെ കുറിച്ച് ആലോചിക്കുന്നത്. തിരുവനന്തപുരം ലാ അക്കാഡമിയിൽ എൽഎൽ.ബിക്ക് ചേർന്നു. അഞ്ചാം റാങ്കോടെയാണ് നിയമ ബിരുദം സ്വന്തമാക്കിയത്. തുടർന്ന് കാര്യവട്ടം കാമ്പസിൽ നിന്ന് എൽഎൽ.എമ്മിനും പ്രവേശനമെടുത്തു. എൽഎൽ.ബി പഠനത്തിനിടെ ഇന്റേൺഷിപ്പിനായി കോടതിയിൽ എത്തിയപ്പോഴാണ് മജിസ്‌ട്രേറ്റാവുക എന്ന മോഹമുദിച്ചത്. അഭിനയം ഉപേക്ഷിച്ചായിരുന്നു പരീക്ഷയ്‌ക്കായുളള തയ്യാറെടുപ്പ്. ആദ്യതവണ പ്രിലിംസ്‌ പാസായി. രണ്ടാം തവണ 63ാം റാങ്ക്‌ നേടിയെങ്കിലും നിയമനം കിട്ടിയില്ല. ഇത്തവണ മുപ്പത്തിരണ്ടാം റാങ്ക് നേടിയാണ് പരീക്ഷ പാസായത്. മറ്റന്നാൾ മുതൽ ആലുവയിലെ ജുഡിഷ്യൽ അക്കാഡമിയിൽ പരിശീലനം ആരംഭിക്കും.

പരേതനായ റിട്ട. എ.എസ്.ഐ റഷീദിന്റെയും സൂദയുടെയും മൂന്ന് മക്കളിൽ ഇളയവളാണ് സോണിയ. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന സോണിയ തിരഞ്ഞെടുപ്പിലൂടെ സംഘടനയുടെ നേതൃനിരയിലെത്തിയ വ്യക്തികൂടിയാണ്. ബിസിനസുകാരനായ ബിനോയ് ഷാനൂറിനെയാണ് വിവാഹം കഴിച്ചത്. ഏക മകളായ അൽ ഷെയ്‌ഖ പർവീൺ ബാലതാരമാണ്.