job

തിരുവനന്തപുരം: കണ്ണുകെട്ടി പുസ്തകം വായിച്ചുകൊണ്ട് മുട്ടിലിഴയൽ. പിൻവാതിലുകാർക്കായി വഴിമാറേണ്ടി വന്ന പഞ്ചായത്ത് ലൈബ്രേറിയൻ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ അംഗങ്ങളാണ് സെക്രട്ടേറിയറ്റിനു മുന്നിൽ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. സ്ഥാനക്കയറ്റം കിട്ടിയവരും താത്കാലിക ജീവനക്കാരും ശുചീകരണത്തൊഴിലാളികളുമെല്ലാം ഗ്രാമപഞ്ചായത്ത് ലൈബ്രേറിയരായി നിയമിതരായപ്പോൾ പി.എസ്.സി യോഗ്യതാ പട്ടികയിൽ സ്ഥാനം പിടിച്ചവർ പുറത്ത് നിൽക്കുകയാണ്.

പല ജില്ലകളിലും നാല് വർഷമായി ഒരു നിയമനം പോലും നടക്കാതെ യോഗ്യതാ പട്ടികയുടെ കാലാവധി അവസാനിച്ചു. യോഗ്യതാ പട്ടികയിലുള്ള 613 പേരിൽ ആകെ നിയമനം ലഭിച്ചവരുടെ എണ്ണം ആറ്. 2019ൽ പുറത്തുവന്ന യോഗ്യതാ പട്ടികയുടെ കാലാവധി നാല് മാസത്തിനകം അവസാനിക്കും.
അതേസമയം പഞ്ചായത്തുകൾ ഒഴിവുകൾ പൂഴ്‌ത്തിവച്ച് നിയമനം അട്ടിമറിക്കുകയാണെന്ന് ഉദ്യോഗാർത്ഥികൾ പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം 30 ദിവസം പിന്നിടുമ്പോഴും സർക്കാർ അനുകൂല നിലപാടും സ്വീകരിച്ചിട്ടില്ലെന്നും ഉദ്യോഗാർത്ഥികൾ പറഞ്ഞു.