government

 4,5 തീയതികളിൽ രാപകൽ സമരം

തിരുവനന്തപുരം: സർക്കാർ സർവ്വീസിലെ സ്‌പെഷ്യൽ റിക്രൂട്ട്മെന്റ് കാര്യക്ഷമമാക്കാൻ പൊതുഭരണ വകുപ്പിൽ രൂപീകരിച്ച എംപ്ലോയ്‌മെന്റ് സെൽ- ബി പ്രവർത്തനം നിലച്ചതോടെ പട്ടിക ജാതി-പട്ടിക വർഗ പ്രാതിനിദ്ധ്യ പരിശോധനനയും നിലച്ചു.

ബി സെല്ലിനെ എ സെക്‌ഷനിൽ ലയിപ്പിച്ചത് ഇക്കഴിഞ്ഞ ജനുവരി 25 ന് "കേരളകൗമുദി " റിപ്പോർട്ട് ചെയ്തതോടെ വിവാദമായി. പുനർവിന്യസിച്ച ജീവനക്കാരെ തുടർന്ന് അവിടെ തന്നെ നിലനിറുത്തിയിരിക്കുകയാണ്. എന്നാൽ സെൽ നിറുത്തലാക്കിയുള്ള ഉത്തരവ് മരവിപ്പിച്ചിട്ടുമില്ല. ഫലത്തിൽ രണ്ടു മാസമായി ജീവനക്കാർക്ക് ജോലി ചെയ്യാനാവാത്ത അവസ്ഥ.

89 വകുപ്പുകളിലെ വാർഷിക അവലോകനവും, പട്ടിക വിഭാഗക്കാരുടെ നിയമനങ്ങളും പരിശോധിക്കുന്ന സെല്ലാണിത്. സെക്‌ഷൻ ഓഫീസറെ വ്യവസായ വകുപ്പിലേക്കും അസിസ്റ്റന്റുമാരെ പൊതുഭരണ (കോർഡിനേഷൻ) വകുപ്പിലേക്കും പുനർ വിന്യസിച്ചായിരുന്നു ഉത്തരവ്.

സെൽ നിറുത്തലാക്കിയത് പുനഃപരിശോധിക്കാത്തതിൽ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങുകയാണ് പട്ടിക വിഭാഗ സംഘടനകൾ. 18 ദളിത് സംഘടനകൾ നേതൃത്വം നൽകുന്ന സ്‌പെഷ്യൽ റിക്രൂട്ടമെന്റ് പ്രൊട്ടക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ 4,5 തീയതികളിൽ സെക്രട്ടേറിയറ്റിനും കളക്ട്രേറ്റുകൾക്കും മുന്നിൽ രാപകൽ സത്യാഗ്രഹം നടത്തും.

സർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങൾ, യൂണിവേഴ്സിറ്രികളടക്കം 489 എണ്ണത്തിൽ 89ൽ മാത്രമാണ് സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ജോലി ഭാരം കൂടുതലായതിനാൽ മറ്റിടങ്ങളിലെ പട്ടിക വിഭാഗ പ്രാതിനിദ്ധ്യ പരിശോധന അതത് വകുപ്പുകൾ തന്നെ നടത്തണമെന്ന് 1991ൽ എംപ്ലോയ്‌മെന്റ് സെൽ എ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

സെൽ - ബി ചെയ്തിരുന്നത്

 എസി/എസ്.ടി സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച പുരോഗതി റിപ്പോർട്ട് തയ്യാറാക്കൽ

 വകുപ്പുകളിൽ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് നടപടികൾ നടക്കുന്നുണ്ടോയെന്ന് പരിശോധന

 റിസർവേഷൻ നിർദ്ദേശങ്ങളുടെ മാന്വൽ തയ്യാറാക്കൽ

 റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ ഭേദഗതി വരുത്താനുള്ള സമിതിയുടെ പ്രവർത്തനം ഏകോപിപ്പിക്കൽ