
വർക്കല: കേരളത്തിലെ പരമ്പരാഗത കലകളെയും നാടൻ കലകളെയും സംരക്ഷിക്കാനും ക്ലാസിക്കൽ കലാരൂപങ്ങളെ പരിപോഷിപ്പിക്കാനും ലക്ഷ്യമിട്ട് കോടികൾ ചെലവഴിച്ച് ഒരു വർഷം മുൻപ് വർക്കലയിൽ ഉദ്ഘാടനം ചെയ്ത രംഗകലാ കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു.
വിനോദസഞ്ചാര വകുപ്പിന്റെ വർക്കല ഗസ്റ്റ് ഹൗസ് വളപ്പിലെ രണ്ടേക്കർ വസ്തുവിൽ 13000 ചതുരശ്ര അടി വിസ്തീർണത്തിലാണ് സെന്റർ ഫോർ പെർഫോമിംഗ് ആർട്സ് (രംഗകലാ കേന്ദ്രം) നിർമ്മിച്ചത്.
കേരളീയ വാസ്തു ശൈലിയിൽ എല്ലാ സൗകര്യങ്ങളോടെയുമാണ് കെട്ടിടം പണിതത്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ രൂപവത്കരിച്ച വിഷൻ വർക്കല ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷന്റെ (വിവിഡ്) നേതൃത്വത്തിലാണ് പദ്ധതി തയ്യാറാക്കിയത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ലാറ്റക്സ് ലൈഫ് കെയർ ലിമിറ്റഡിനായിരുന്നു നിർമ്മാണച്ചുമതല.
കലാകേന്ദ്രത്തിലേക്ക് ആവശ്യമായ അദ്ധ്യാപകരെ നിയമിക്കാനും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഇവിടെ തങ്ങുന്നതിനുമായി ഹോസ്റ്റൽ നിർമ്മിക്കാനുള്ള നടപടികളൊന്നും ആരംഭിച്ചിട്ടില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഗ്രാഡ്വേഷൻ ലെവൽ സ്റ്റഡി തീസിസിനായി നിരവധി പേർ രംഗകലാ കേന്ദ്രത്തെ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിലും അതിനനുസരിച്ചുള്ള സംവിധാനങ്ങൾ ഇനിയും ഒരുക്കിയിട്ടില്ല.
പാരമ്പര്യ കലകളെക്കുറിച്ചുള്ള ഗവേഷണം, അവതരണം, പാരമ്പര്യ - ആധുനിക കലാരൂപങ്ങൾ തമ്മിലുള്ള താരതമ്യ പഠനങ്ങൾ എന്നിവയ്ക്ക് അവസരം ഒരുക്കാനും ഈ കേന്ദ്രം ലക്ഷ്യമിട്ടിരുന്നു. എന്നാൽ എല്ലാ സൗകര്യങ്ങളും ഒരുക്കിയെങ്കിലും ഇതിന്റെ പ്രവർത്തനം തുടങ്ങാൻ ഇനിയും അധികൃതർക്കായിട്ടില്ല.