കിളിമാനൂർ: വേനൽ മഴ പെയ്തതോടെ ഗ്രാമങ്ങൾ കീഴടക്കി കരിവണ്ടുകൾ. പകൽ സമയങ്ങളിൽ കരിയിലയുടെയും മറ്റും ഇടയിൽ ഇരിക്കുന്ന ഇവ വൈകുന്നേരത്തോടെ കൂട്ടത്തോടെ വീടുകളിൽ എത്തുകയും ബൾബുകൾക്കു ചുറ്റും കൂട്ടം കൂടിയിരിക്കുകയും ചെയ്യുന്നു. ഇവയുടെ ശല്യം കാരണം ലൈറ്റുകൾ ഓഫ് ചെയ്ത് വീടിനകത്ത് ഇരിക്കണം. വൈകുന്നേരങ്ങളിലെ അത്താഴം ഇവയുടെ ശല്യം കാരണം നേരത്തെ ആക്കേണ്ട സ്ഥിതിവിശേഷമാണുള്ളത്. അല്ലെങ്കിൽ ഇവ ആഹാര സാധനങ്ങളിൽ വീഴുന്നത് പതിവാണ്. റബർ മരങ്ങൾ ധാരാളം ഉള്ളിടത്താണ് ഇവയെ മുൻപ് സാധാരണയായി കണ്ടിരുന്നതെങ്കിലും ഇപ്പോൾ എല്ലായിടത്തും ഇവ കാണുന്നുണ്ട്. ചെവിയിൽ കയറി പോകാൻ സാദ്ധ്യത ഉള്ളതിനാൽ കൊച്ചു കുട്ടികൾ വീട്ടിലുള്ള രക്ഷിതാക്കൾ ആശങ്കയിലാണ്. ഗ്രാമ പ്രദേശങ്ങളിൽ പന്നി ശല്യം കാരണം വീടു മുറ്റത്തും കൃഷിയിടങ്ങളിലും ബൾബുകൾ തെളിച്ചിട്ടിരുന്നവർ ഇപ്പോൾ കരിവണ്ട് ശല്യം കാരണം ലൈറ്റ് ഓഫ് ചെയ്തു. അതേസമയം, വേനൽ കാലത്ത് കരിയിലയിൽ നിന്ന് ഉണ്ടാകുന്ന ഇവ മഴക്കാലത്തോടെ നശിക്കുമെന്ന് വിദഗ്ദർ പറയുന്നു.