വെമ്പായം: കൈയേറിയ സർക്കാർ ഭൂമി, റവന്യൂ അധികൃതരുടെ സാന്നിദ്ധ്യത്തിൽ തിരിച്ചുപിടിച്ച് പഞ്ചായത്ത് അധികൃതരും നാട്ടുകാരും. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ മാണിക്കൽ പഞ്ചായത്തിലെ വെള്ളാണിക്കൽ പാറ മുകളിലാണ് സംഭവം. സ്വകാര്യ വ്യക്തികൾ 50 സെന്റോളം ഭൂമിയാണ് കൈയേറിയത്. ദ്വിദിന പണിമുടക്കിലും മറ്റ് അവധി ദിനങ്ങളിലുമാണ് ഭൂമി കൈയേറ്റം നടന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പഞ്ചായത്ത് അധികൃതരെ അറിയിക്കുകയും പഞ്ചായത്ത് അധികൃതർ റവന്യൂ അധികൃതരെ അറിയിച്ച് ഭൂമി അളന്ന് കൈയേറ്റം ഉറപ്പിക്കുകയുമായിരുന്നു. തുടർന്ന് സ്വകാര്യ വ്യക്തികൾ കൈയേറി പാറ അടുക്കിയിരുന്നത് നാട്ടുകാർ പൊളിച്ചുകളയുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, ജനപ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറി എന്നിവർ സ്ഥലത്ത് എത്തിയിരുന്നു. ഭൂമി കൈയേറിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും, വെള്ളാണിക്കൽ പാറ മുകളിൽ ഭൂമി കൈയേറ്റം അനുവദിക്കില്ലന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.