
ആലുവ: എടയാർ വ്യവസായ മേഖലയിലെ പ്രവർത്തനരഹിതമായ ഓയിൽ കമ്പനിയിൽ നിന്ന് 8500 ലിറ്റർ സ്പിരിറ്റ് പിടികൂടിയ കേസിൽ മുഖ്യപ്രതി കലൂർ അശോക റോഡ് നടുവിലമുള്ളത്ത് എൻ.വി. കുര്യനെ (65) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇയാളുടെ ഏജന്റുമാരായ തൃപ്പൂണിത്തുറ പുതിയ കാവിൽ താമസിക്കുന്ന പൂണിത്തുറ തമ്മനം സ്വദേശി വേലിക്കകത്ത് ബൈജു (50), ചിറ്റേത്തുകര മലക്കപ്പറമ്പിൽ സാംകുമാർ (38) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് അസി. എക്സൈസ് കമ്മീഷണർ (എൻഫോഴ്സ്മെന്റ്) ബി. ടെനിമോൻ അറിയിച്ചു.
കലൂരിലെ ഭാര്യവീട്ടിൽ ഒളിവിൽ കഴിയവെയാണ് എക്സൈസ് സംഘം വീടുവളഞ്ഞ് കുര്യനെ പിടികൂടിയത്. മെഡിക്കൽ പരിശോധനക്കായി ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോൾ പ്രമേഹ രോഗിയായ ഇയാൾ കുഴഞ്ഞുവീണതിനാലാണ് അഡ്മിറ്റാക്കിയത്. എടയാർ ജെ.കെ എന്റർപ്രൈസസ് ഓയിൽ കമ്പനിയിൽ നിന്ന് ബുധനാഴ്ച്ച രാത്രി 10.30ഓടെയാണ് 203 കന്നാസുകളിലായി ഭൂഗർഭ അറയിൽ ഒളിപ്പിച്ചിരുന്ന സ്പിരിറ്റ് എക്സൈസ് മദ്ധ്യമേഖല സ്ക്വാഡ് പിടികൂടിയത്. രാജാക്കാട് സ്വദേശി ബൈജു (കുട്ടപ്പായി - 50)വിനെ കഴിഞ്ഞദിവസം അടിമാലിയിൽ നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് സ്പിരിറ്റുമായി പിടികൂടിയിരുന്നു. ഇടനിലക്കാരൻ കാക്കനാട് ചിറ്റേത്തുകര സ്വദേശി സാംസണിനേയും പിടികൂടി. കളമശ്ശേരിയിൽ വാഹനത്തിൽ കടത്തുകയായിരുന്ന 40 കന്നാസ് സ്പിരിറ്റുമായി ബൈജുവും സാംകുമാറും പിടിയിലായി.
ഇവരിൽ നിന്നാണ് എടയാറിലെ സ്പിരിറ്റ് ശേഖരത്തെ കുറിച്ച് സൂചന ലഭിച്ചത്.വ്യാജമദ്യ നിർമ്മാണത്തിനായി ശേഖരിച്ച സ്പിരിറ്റാണ് പിടിച്ചെടുത്തത്. ഓയിൽ കമ്പനി രണ്ട് വർഷത്തിലേറെയായി പ്രവർത്തിക്കുന്നില്ല. വാടകക്കെടുത്ത കുര്യൻ പെയിന്റ് നിർമ്മാണത്തിന്റെ മറവിലാണ് സ്പിരിറ്റ് കച്ചവടം തുടങ്ങിയത്. രണ്ടുവർഷത്തോളമായി ഇവിടെ സ്പിരിറ്റ് കടത്ത് നടത്തിവന്നതായാണ് അന്വേഷണസംഘത്തിന് ലഭിച്ച സൂചന.
എ.സി (എൻഫോഴ്സ്മെന്റ്) അന്വേഷിക്കും
എക്സൈസ് മദ്ധ്യമേഖല സ്ക്വാഡിന് ലഭിച്ച വിവരത്തെ തുടർന്നാണ് വൻ സ്പരിറ്റ് ശേഖരം പിടികൂടിയതെങ്കിലും ആലുവ എക്സൈസ് റേഞ്ചിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് എടുത്തതിന് പിന്നാലെ അന്വേഷണ ചുമതല അസി. എക്സൈസ് കമ്മിഷണർ (എൻഫോഴ്സ്മെന്റ് ) ബി. ടെനിമോന് കൈമാറി. ഇന്നലെ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തത്.