
എരുമപ്പെട്ടി: രാഷ്ട്രീയ വിരോധം മൂലം ചിറമനേങ്ങാട് സ്വദേശിയായ യുവാവിനേയും പത്ത് വയസുള്ള സഹോദരീ പുത്രനേയും വധിക്കാൻ ശ്രമിച്ച കേസിലെ ഏഴ് പ്രതികൾക്ക് അഞ്ച് വർഷം കഠിന തടവും 25, 000 രൂപ പിഴയും തൃശൂർ ഫസ്റ്റ് ക്ലാസ് അഡീഷണൽ സെഷൻസ് ജഡ്ജ് പി.എൻ വിനോദ് ശിക്ഷ വിധിച്ചു. എരുമപ്പെട്ടി പൊലിസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ സി.പി.എം പ്രവർത്തകരും ചിറമനേങ്ങാട് സ്വദേശികളുമായ മാളിയേക്കൽ വിശ്വംഭരൻ, കാരേങ്ങിൽ അബ്ദുൾ ഹക്കീം, മാളിയേക്കൽ പവനൻ, വാലിപ്പറമ്പിൽ ഉദയൻ, താഴത്തുപുരക്കൽ ശുചീന്ദ്രൻ, മാളിയേക്കൽ പവേൽ, കാരേങ്ങിൽ അബൂബക്കർ എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചത്. കോൺഗ്രസ് നേതാവായിരുന്ന ഷാജി അമ്മാട്ടിനേയും സഹോദരിപുത്രൻ വികാസിനേയുമാണ് പ്രതികൾ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് വധിക്കാൻ ശ്രമിച്ചത്. 2012 ഏപ്രിൽ 30ാം തീയതിയാണ് കേസിനാസ്പദമായ സംഭവം. രാത്രി 8 മണിയോടടുത്ത് ചിറമനേങ്ങാട് വച്ച് പ്രതികൾ വാൾ, ഇരുമ്പ് പൈപ്പ്, വിറക് കഷ്ണങ്ങൾ എന്നിവ ഉപയോഗിച്ച് വെട്ടിയും അടിച്ചും കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ എരുമപ്പെട്ടി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായിരുന്ന ബേബിച്ചൻ ജോർജ് രജിസ്റ്റർ ചെയ്ത കേസിൽ കുന്നംകുളം സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന ബാബു കെ.തോമസാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ. കെ.ബി. സുനിൽകുമാർ, അഡ്വ. ലിജി മധു എന്നിവർ ഹാജരായി. പ്രോസിക്യൂഷനെ സി.പി.ഒ വിനീഷ് വിജയൻ അസ്സിസ്റ്റ് ചെയ്തു.