തിരുവനന്തപുരം: നെല്ല് കുത്തുമ്പോഴുണ്ടാകുന്ന ഉമിയിൽ നിന്ന് സിമന്റും സിമന്റ് കട്ടയും സിലിക്കയും നിർമ്മിക്കാനാവുമോയെന്ന സാങ്കേതിക സർവകലാശാലയുടെ ഗവേഷണത്തിന് പ്രോത്സാഹനമായി കാലടി റൈസ് മില്ലേഴ്സ് കൺസോർഷ്യം 5 ലക്ഷം രൂപ നൽകി. ഇത് മന്ത്രി പി.രാജീവ് വൈസ് ചാൻസലർ ഡോ.എം.എസ്.രാജശ്രീക്ക് കൈമാറി. കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി, ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനിയറിംഗ് കോളേജ്, ചെങ്ങന്നൂർ പ്രൊവിഡൻസ് കോളേജ് എന്നിവയുടെ നേതൃത്വത്തിലാണ് ഗവേഷണം. കോഴിക്കോട് എൻ.ഐ.ടിയും സഹകരിക്കുന്നുണ്ട്. കാലടിയിലും പരിസരത്തുമുള്ള 36 റൈസ് മില്ലുടമകളുടെ കൂട്ടായ്മയാണ് കൺസോർഷ്യം.
സിമന്റിനും കട്ടയ്ക്കും പുറമെ റോഡ് ടാറിംഗിനും കൃഷിക്കും ഉമി ഉപയോഗിക്കാനാവുമോയെന്നുള്ള ഗവേഷണവും സർവകലാശാലയുടെ നിയന്ത്രണത്തിൽ നടത്തും. രാജ്യാന്തര ജേർണലുകളിൽ ഇത്തരം പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും ഉമിയിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങളുണ്ടാക്കാൻ സാധിച്ചിട്ടില്ല. കണ്ണൂർ എൻജിനിയറിംഗ് കോളേജിലടക്കം ഇക്കാര്യത്തിൽ ഗവേഷണം നടക്കുന്നുണ്ട്. ചില എൻജിനിയറിംഗ് അദ്ധ്യാപകർ നേരിട്ടും ഗവേഷണം നടത്തുന്നുണ്ട്. ചില കോളേജുകളിൽ പ്രോജക്ടുകളും ചെയ്തിട്ടുണ്ട്. ഇതെല്ലാം ഏകോപിപ്പിച്ച് സർവകലാശാലയിലെ ഇൻഡസ്ട്രി അറ്റാച്ച്മെന്റ് സെല്ലാണ് പുതിയ ഗവേഷണത്തിന് സൗകര്യമൊരുക്കുക.