caravan

തിരുവനന്തപുരം: കെ.ടി.ഡി.സിയുടെ ആദ്യ കാരവൻ ടൂറിസം പാക്കേജായ 'കാരവൻ ഹോളിഡെയ്സിന്" തുടക്കം. സൗജന്യ പ്രഭാതഭക്ഷണവും പാർക്കിംഗും ലഭ്യമാക്കുന്ന പാക്കേജാണിത്. ആഡംബര കാരവനുകളിലെ സൗകര്യങ്ങളെല്ലാമുള്ള പാക്കേജിന് ഒരു സഞ്ചാരിക്ക് 3999 രൂപയാകും. ഒരു കാരവനിൽ നാല് മുതിർന്നവർക്കും രണ്ട് കുട്ടികൾക്കും വരെ യാത്ര ചെയ്യാം.

ആദ്യഘട്ടത്തിൽ കുമരകം - വാഗമൺ - തേക്കടി റൂട്ടാണ് പാക്കേജിന് തിരഞ്ഞെടുത്തിരിക്കുന്നത്. സൗജന്യ വെജിറ്റേറിയൻ പ്രഭാതഭക്ഷണം, ലഘുഭക്ഷണം എന്നിവ കാരവനിലും, പലഹാരം, ചായ, കോഫി എന്നിവ പാർക്കിലും നൽകും. തീകായൽ അനുഭവവും ഇന്റർനെറ്റ് സൗകര്യവും വിനോദസഞ്ചാരികൾക്ക് ലഭ്യമാക്കും. ദോശ, അപ്പം, ഇടിയപ്പം, സാമ്പാർ, ചമ്മന്തി, പഴച്ചാറ്, റൊട്ടി, ബട്ടർ, ജാം, കോൺഫ്ളേക്ക്, പോറിഡ്‌ജ് എന്നിവയും വടക്കേ ഇന്ത്യൻ വിഭവങ്ങളായ പൂരി ബാജി, സ്റ്റഫ്ഡ് പറോട്ട എന്നിവയും കറികൾക്കൊപ്പം ലഭ്യമാക്കും.