
ആര്യനാട്: ചേരപ്പള്ളി സ്വദേശിനിയുടെ മാല പിടിച്ചുപറിച്ച കേസിൽ നാലംഗ സംഘത്തെ ആര്യനാട് എസ്.എച്ച്.ഒ എൻ.ആർ. ജോസും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. പെരിങ്ങമ്മല എക്സ് കോളനി ബ്ലോക്ക് നമ്പർ 15ൽ അൻസിൽ (21), പെരിങ്ങമ്മല പറക്കോണം തടത്തരികത്തു പുത്തൻ വീട്ടിൽ സുമേഷ് (അനു-27), പെരിങ്ങമ്മല പറക്കോണം രഞ്ചിത്ത് ഭവനിൽ രതീഷ് (ചാഞ്ചു-30), പെരിങ്ങമ്മല മീരാൻപെട്ടി കരിക്കകം റിയാസ് മൻസിലിൽ റിയാസ് (26) എന്നിവരാണ് പിടിയിലായത്.
ആര്യനാട് ചേരപ്പള്ളി സ്വദേശിയായ മിനിയുടെ മാല ഇക്കഴിഞ്ഞ മാർച്ച് 17നാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം പിടിച്ചുപറിച്ചത്. സി.സി ടിവി ദൃശ്യമനുസരിച്ചു നടന്ന അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മാല മോഷണ സമയത്ത് വാഹനത്തിന്റെ പിന്നിലിരുന്ന അൻസിലാണ് മാല പിടിച്ചു പറിക്കുന്നത്. എന്നാൽ മോഷ്ടിച്ച മാല വിൽക്കുന്നത് റിയാസായിരുന്നു. അന്വേഷണത്തിൽ തൊണ്ടിമുതൽ പൊലീസ് കണ്ടെടുത്തു. തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ഈ പ്രതികൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. മോഷണ സമയത്ത് ഇവർ ഉപയോഗിച്ചിരുന്ന ആക്ടീവ സ്കൂട്ടറും പിടിച്ചെടുത്തു.