pic1

നാഗർകോവിൽ: സിനിമാസ്റ്റൈലിൽ ജോക്കറിന്റെ മുഖംമൂടിയണിഞ്ഞ് കന്യാകുമാരി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കവർച്ച നടത്തിയ പ്രതികളിലൊരാളെ ആറുമാസത്തിനുശേഷം പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്‌തു. വള്ളവിള, കുരുശടിവിളാകം സ്വദേശി ശാലുവിനെയാണ് (28) കുളച്ചൽ ഡിവൈ.എസ്.പി തങ്കരാമന്റെ നേതൃത്വത്തിൽ എസ്.ഐ ജോൺ ബോസ്കോയുടെ പ്രത്യേക സംഘം കഴിഞ്ഞ ദിവസം രാത്രി അറസ്റ്റുചെയ്‌തത്.

ആറുമാസം മുമ്പ് കന്യാകുമാരി ജില്ലയിലെ കുളച്ചൽ, കരിങ്കൽ, കൊല്ലങ്കോട്, നിദ്രവിള എന്നീ സ്ഥലങ്ങളിൽ ബൈക്കിലെത്തിയ രണ്ടുപേർ എ.ടി.എമ്മുകളിൽ കവർച്ചാശ്രമം നടത്തുകയും അടുത്തടുത്ത ദിവസങ്ങളിൽ ഊരമ്പ്, നിദ്രവിള എന്നീ സ്ഥലങ്ങളിലെ ജുവലറികളിൽ നിന്ന് 22 പവൻ സ്വർണവും കുളച്ചലിലെ മൊബൈൽ കടയിൽ നിന്ന് 25 മൊബൈൽ ഫോണും കവർന്നിരുന്നു. അന്വേഷണം ശക്തമാക്കിയെങ്കിലും കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ് പ്രതികൾ പ്രത്യേകസംഘത്തെ വലയ്‌ക്കുകയായിരുന്നു. അടുത്തിടെ കൊല്ലങ്കോട്, സുനാമി കോളനിയിലെ ആളൊഴിഞ്ഞ വീട്ടിൽ മോഷണംപോയ മൊബൈൽ ഫോണുകൾ കണ്ടെത്തിയപ്പോഴാണ് പ്രതികളെക്കുറിച്ച് കൂടുതൽ വിവരം ലഭിച്ചത്.

കഴിഞ്ഞ ദിവസം രാത്രി പ്രത്യേകസംഘം കൊല്ലങ്കോട് വാഹന പരിശോധന നടത്തിയപ്പോഴാണ് ബൈക്കിലെത്തിയ ശാലു അറസ്റ്റിലായത്. പ്രതിയുടെ കൈയിൽ നിന്ന് 22 പവന്റെ സ്വർണവും 25 മൊബൈൽ ഫോണുകളും രണ്ട് ബൈക്കുകളും പിടിച്ചെടുത്തു. മോഷണത്തിൽ പങ്കുള്ള തുത്തൂർ സ്വദേശി ജിംസണെ ഉടൻ പിടികൂടുമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥൻ പറഞ്ഞു. ശാലുവിനെ റിമാൻഡ് ചെയ്‌തു.