
ആറ്റിങ്ങൽ: കെ - റെയിൽ ഉദ്യോഗസ്ഥർ സ്ഥാപിച്ച കല്ലുകൾ പിഴുതെടുത്ത് നദിയിൽ എറിഞ്ഞ് ബി.ജെ.പി പ്രതിഷേധിച്ചു. ആറ്റിങ്ങൽ നഗരസഭയിലെ തോട്ടവാരം പ്രദേശത്തെ കല്ലുകളാണ് പിഴുതത്. ഇന്നലെ രാവിലെ 10 ഓടെയാണ് പ്രതിഷേധം നടന്നത്. പ്രകടനമായെത്തിയ പ്രവർത്തകർ സ്വകാര്യ ഭൂമികളിൽ ഇട്ടിരുന്ന കല്ലുകൾ പിഴുതെടുത്ത് വാമനപുരം നദിയിലാണ് എറിഞ്ഞത്. സമീപത്തെ വീട്ടമ്മമാരും സമരത്തിൽ പങ്കാളികളായി. സാധാരണക്കാരുടെ വസ്തുവിൽ കല്ലിട്ട് ആ ഭൂമി യാതൊരു തരത്തിലും ഉപയോഗിക്കാനോ പണയപ്പെടുത്തുവാനോ വിൽക്കാനോ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുകയാണെന്ന് സമരക്കാർ ആരോപിച്ചു.
കേന്ദ്ര അനുമതിയില്ലാത്ത പദ്ധതി നടപ്പിലാക്കാൻ കഴിയില്ല. എന്നിട്ടും ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ മാത്രമാണ് ശ്രമം. പ്രായോഗികമല്ലാത്ത പദ്ധതിയുടെ പേരിൽ ജനങ്ങളെ പ്രതിസന്ധിയിലാക്കുന്നത് അനുവദിക്കില്ലെന്നും ഈ മേഖലയിൽ സ്ഥാപിച്ച മുഴുവൻ കല്ലുകളും പിഴുത് നദിയിൽ എറിയുമെന്നും ബി.ജെ.പി നേതാക്കൾ പറഞ്ഞു. നഗരസഭ പ്രതിപക്ഷ നേതാവ് സന്തോഷ്, ബി.ജെ.പി നേതാക്കളായ അജിത് പ്രസാദ്, ജീവൻലാൽ എന്നിവർ നേതൃത്വം നൽകി.