
തിരുവനന്തപുരം: സർക്കാരിന്റെ മദ്യനയത്തിലെ നല്ല മാറ്റങ്ങളെക്കുറിച്ച് ഇന്നലെ 'കേരള കൗമുദി ' പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിന് സംസ്ഥാന തൊഴിൽ-എക്സൈസ് മന്ത്രി എം.വി. ഗോവിന്ദന്റെ അനുമോദനം. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം മുഖപ്രസംഗത്തെ പ്രകീർത്തിച്ചത്.
'കശുമാങ്ങ, ചക്ക, വാഴപ്പഴം, കൈതച്ചക്ക തുടങ്ങിയ പഴങ്ങൾ ഉപയോഗിച്ച് വീര്യം കുറഞ്ഞ മദ്യം നിർമ്മിക്കാൻ അനുമതി നൽകുമെന്ന തീരുമാനം ലക്ഷ്യപ്രാപ്തിയിൽ എത്തിക്കാൻ കഴിഞ്ഞാൽ പുതിയൊരു ചുവടുവയ്പാകുമെന്നാണ്.' ശരിയായ നിരീക്ഷണമാണ് ഇത്. സംസ്ഥാനത്തെ കാർഷിക മേഖലയുടെ പുനരുജ്ജീവനത്തിന് ഉതകുന്നതാകും ഈ മദ്യ ഉൽപാദനം.
കേരളത്തിലെ കർഷകരും കർഷക തൊഴിലാളികളും തൊഴിലുറപ്പ് പദ്ധതിയുടെ തൊഴിലുകളിൽ പങ്കാളികളാകുന്നവരും ഒക്കെ കാർഷിക ഉത്പന്നങ്ങൾക്ക് വിപണി ലഭ്യമാകാത്തതിനാൽ നട്ടംതിരിയുന്നത് നാം കാണുന്നതാണ്. ഉത്പന്നങ്ങൾക്ക് പലപ്പോഴും അദ്ധ്വാനത്തിന്റെ വില പോലും ലഭിക്കാറില്ല. ഈ അവസ്ഥയ്ക്ക് വിരാമമിടാൻ ധാന്യങ്ങൾ ഒഴികെയുള്ള തനത് കാർഷികോല്പന്നങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ അനുമതി നൽകുന്ന നയത്തിലൂടെ സാധിക്കും.
ഐ.ടി പാർക്കുകളിൽ പ്രത്യേകം മാറ്റിവയ്ക്കുന്ന സ്ഥലങ്ങളിൽ മദ്യം വിതരണം ചെയ്യുന്നതിനുള്ള അനുവാദം നൽകുന്നത് കേരളകൗമുദി പറയുന്നതുപോലെ നിക്ഷേപസൗഹൃദ അന്തരീക്ഷത്തിന് കരുത്തേക്കും. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള ഐ. ടി.കമ്പനികളിൽ ജോലി ചെയ്യുന്നവർ മദ്യലഭ്യതയില്ലാത്ത തൊഴിൽ പരിസരമാണ് കേരളത്തിലെ ഐ.ടി പാർക്കുകളുടെ കുറവെന്ന് ചൂണ്ടിക്കാണിക്കാറുണ്ട്. ഐ.ടി പാർക്കുകളുമായി ബന്ധപ്പെട്ട ഇടങ്ങളിൽ മദ്യം നൽകുന്നതിനുള്ള ലൈസൻസ് അനുവദിക്കുന്നതിനുള്ള മാനദണ്ഡം ചട്ടങ്ങളിൽ ഉൾപ്പെടുത്തുമെന്നും മദ്യനയത്തിൽ വ്യക്തമാക്കുന്നുണ്ട്.
പരിഷ്‌കൃത രാജ്യങ്ങളിലേതുപോലെ മദ്യവില്പന നടത്തണമെന്ന കേരളകൗമുദിയുടെ അഭിപ്രായമാണ് സംസ്ഥാന സർക്കാരിനും ഉള്ളത്. മദ്യനയത്തിലൂടെ സർക്കാർ പ്രകാശിപ്പിക്കുന്നതും ആ നിലപാടാണ്.
ജനപക്ഷത്തുനിന്നുകൊണ്ട് സംസ്ഥാനത്തിന്റെ പുരോഗതിയിലൂന്നി മുന്നോട്ടുപോകുന്ന സർക്കാരിന്റെ കരങ്ങൾക്ക് ശക്തി പകരുന്നതാണ് കേരളകൗമുദിയുടെ എഡിറ്റോറിയൽ. അവരുടെ പാരമ്പര്യവും അതാണല്ലോ. നന്ദി.
കേരളകൗമുദി മുഖപ്രസംഗത്തിന്
മന്ത്രി എം.വി.ഗോവിന്ദന്റെ അഭിനന്ദനം