kk

വർക്കല: ഇടവ വെൺകുളത്ത് വീടിന് തീപിടിച്ചു. വെൺകുളം പൊട്ടക്കുളത്ത് പവിത്രത്തിൽ ജയചന്ദ്രന്റെ വീട്ടിലെ കിടപ്പ് മുറിയിലാണ് തീപടർന്നത്. വെള്ളിയാഴ്ച വൈകിട്ട് 3ഓടെയാണ് സംഭവം. ജയചന്ദ്രനും, ഭാര്യ രാജിയും മൂന്ന് മക്കളുമാണ് ഇവിടെ താമസിക്കുന്നത്. രാവിലെ അദ്ധ്യാപികയായ രാജിയും, മക്കളും സ്കൂളിൽ പോയിരുന്നു. സംഭവം നടക്കുന്നതിന് രണ്ടു മണിക്കൂർ മുൻപ് ജയകുമാർ പുറത്തുപോയിരുന്നു.

വീട്ടിൽ തീ ആളിപ്പടരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വർക്കല ഫയർഫോഴ്‌സിൽ വിവരം അറിയിക്കുകയായിരുന്നു. ഉടൻതന്നെ ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമായി വിലയിരുത്തുന്നത്. കോൺക്രീറ്റ് പാകിയ വീട്ടിലെ ഒരു മുറി മുഴുവനായും കത്തിനശിച്ചു. മുറിക്കകത്തെ ചുമരുകൾ പൊട്ടി അടർന്നുവീണിട്ടുണ്ട്. ബെഡ്റൂമിൽ ഉണ്ടായിരുന്ന ഫർണിച്ചർ, ഫാനുകൾ ഉൾപ്പെടെയുള്ള ഇലക്ട്രിക്ക് സാധനങ്ങളും കത്തി നശിച്ചു.

വർക്കല ഫയർസ്റ്റേഷൻ ഓഫീസർ അരുൺ മോഹൻ, അസി. ഓഫീസർ ഹരിലാൽ, ഫയർമാന്മാരായ അഖിൽ, പത്മകുമാർ, വിപിൻ രാജ്, സുൽഫി, സുഭാഷ് എന്നിവരുൾപ്പെട്ട സംഘമാണ് തീകെടുത്തിയത്. വർക്കലയിൽ നിന്ന് രണ്ട് യൂണിറ്റുകൾ എത്തിയാണ് തീ കെടുത്തിയത്.